തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ പട്ടയങ്ങള്‍ അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നായ വില്ലേജ്, താലൂക്ക് ഓഫിസുകള്‍ കൂടുതല്‍ ജനസൗഹാര്‍ദമാക്കാന്‍ കാര്യക്ഷമായ ഇടപെടലുകളാണു സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദശാബ്ദങ്ങളായി സാങ്കേതിക പ്രശ്നങ്ങളിലും നിയമക്കുരുക്കുകളിലുംപെട്ടു ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട നിരവധി പേര്‍ക്ക് പട്ടയം നല്‍കാനായത് സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇനിയും പട്ടയം കിട്ടാന്‍ അര്‍ഹരായവരുടെ കാര്യം ഗൗരവമായി കാണും. ഈ പ്രശ്നം അതിവേഗം പരിഹരിക്കാന്‍ സംവിധാനമൊരുക്കും.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണു സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രശ്നങ്ങള്‍ അതിവേഗത്തില്‍ പരിഹരിക്കുന്നതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും സര്‍ക്കാര്‍ ഓഫിസുകള്‍ സജ്ജമാകണം ഇതിന്റെ ഭാഗമായാണു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രത്യേക ശ്രദ്ധവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നേമം, ബാലരാമപുരം വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനവും വിവിധ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ നിര്‍മാണോദ്ഘാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
പരിപാടിയുടെ ഭാഗമായി നിയമസഭാ മണ്ഡല അടിസ്ഥാനത്തിലും ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫിസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ, കൊല്ലയില്‍ വില്ലേജ് ഓഫിസില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എം.എല്‍.എ, പൂവാര്‍ വില്ലേജ് ഓഫിസില്‍ നടന്ന ചടങ്ങില്‍ എം. വിന്‍സന്റ് എം.എല്‍.എ, കുളത്തുമ്മല്‍ എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഐ.ബി. സതീഷ് എം.എല്‍.എ, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ ബി. സത്യന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, റവന്യൂ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.