ജില്ലയിൽ 40364 പട്ടയങ്ങൾ
863 വനഭൂമി പട്ടയങ്ങൾ

തൃശ്ശൂർ: സ്വന്തമായി ഭൂമിക്ക് വേണ്ടി ഇനിയാർക്കും ഓഫീസുകൾ കയറിയിറങ്ങണ്ട. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പട്ടയമേളയിൽ ജില്ലയില്‍ 3587 പട്ടയങ്ങള്‍ വിതരണം ചെയ്തു. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പട്ടയമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ പട്ടയങ്ങൾ ഗവ. ചീഫ് വിപ്പ് കെ രാജൻ എംഎൽഎ വിതരണം ചെയ്തു. 20 പട്ടയങ്ങളാണ് ടൗൺഹാളിൽ നടന്ന പട്ടയമേളയിൽ വിതരണം ചെയ്തത്. ബാക്കി പട്ടയങ്ങൾ അതത് വില്ലേജ് ഓഫീസുകളിൽ നിന്നാണ് വിതരണം ചെയ്തത്.

863 വനഭൂമി പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തത് ചീഫ് വിപ്പ് കെ രാജൻ. 357 വനഭൂമി പട്ടയങ്ങൾ പട്ടയമേളയിൽ വിതരണം ചെയ്തു. അദാലത്തുകൾ വഴി അപേക്ഷ ലഭിച്ച വനഭൂമി പട്ടയങ്ങൾ നൽകുന്നതിനുള്ള ആളുകളുടെ പേര് വിവരങ്ങൾ അടങ്ങുന്ന ലിസ്റ്റ് വില്ലേജ് ഓഫീസുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർ കൃത്യമായ രേഖകൾ നൽകുന്ന മുറയ്ക്ക് പട്ടയമേളകൾ ഇല്ലാതെ തന്നെ പട്ടയം നൽകുമെന്നും ചീഫ് വിപ്പ് അറിയിച്ചു. റവന്യൂ വകുപ്പിന്റെയും വന വകുപ്പിന്റെയും സമയബന്ധിതമായ ഇടപെടലുകളാണ് ഇത്രയധികം വനഭൂമിപട്ടയങ്ങൾ നൽകാൻ സാധിച്ചത്.

ജില്ലാ കലക്ടര്‍ എസ് ഷാനവാസ് വിഷയാവതരണം നടത്തി. കയറി കിടക്കാൻ സ്വന്തമായ ഭൂമിയിൽ ഒരു കൂരയെന്നത് ജനങ്ങളുടെ അവകാശമാണെന്നും സാധാരണക്കാരുടെ ഈ ആഗ്രഹങ്ങൾക്ക് മേൽ നിലനിൽക്കുന്ന എല്ലാവിധ നിയമതടസങ്ങളും നീക്കി ഭൂമി നൽകുകയാണ് പട്ടയ വിതരണത്തിലൂടെ സാധ്യമാകുന്നതെന്നും കലക്ടർ പറഞ്ഞു.

ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) പി എ വിഭൂഷണന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവരും പട്ടയമേളയിൽ പങ്കെടുത്തു. ലാന്‍ഡ് ട്രിബ്യൂണല്‍ വിഭാഗത്തില്‍ 2606 പട്ടയം, 467 ദേവസ്വം പട്ടയം, 357 വനഭൂമി പട്ടയം, 96 മിച്ചഭൂമി പട്ടയം, 44 പുറമ്പോക്ക് പട്ടയം, 13 സുനാമി പട്ടയം, 3 കോളനി പട്ടയം, 1 ഇനാം പട്ടയം എന്നിവയുടെ വിതരണമാണ് പട്ടയമേളയിൽ ജില്ലയിൽ നടന്നത്. ജില്ലയില്‍ നാല് പട്ടയമേളകളിലായി 36 777പട്ടയങ്ങളുടെ വിതരണം നടന്നു കഴിഞ്ഞു. അഞ്ചാം പട്ടയ മേളയിൽ 3587 പട്ടയങ്ങൾ കൂടി വിതരണം ചെയ്തു. 40364 പട്ടയങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ജില്ലയിൽ വിതരണം ചെയ്തത്.