തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പൂർണ കോവിഡ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാകും ജില്ലയിലെ പോളിങ് ബൂത്തുകൾ സജ്ജമാക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഒരു ബൂത്തിൽ 1000 പേർക്കു മാത്രമായിരിക്കും വോട്ട്. 14 നിയമസഭാ മണ്ഡലങ്ങളിലുമായി പുതുതായി സജ്ജമാക്കുന്ന പോളിങ് ബൂത്തുകളടക്കം ജില്ലയിൽ ആകെ 4164 പോളിങ് ബൂത്തുകളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.
കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഓരോ പോളിങ് ബൂത്തിലും പ്രത്യേക ബ്രേക്ക് ദി ചെയിൻ കിറ്റ് നൽകുമെന്നു കളക്ടർ പറഞ്ഞു. 200 മില്ലി ലിറ്ററിന്റെ 10 കുപ്പി ഹാൻഡ് വാഷ്, 500 മില്ലി ലിറ്ററിന്റെ 10 കുപ്പി സാനിറ്റൈസർ എന്നിവ ഇതിലുണ്ടാകും. ഓരോ ബൂത്തിലും പ്രത്യേക മാസ്‌ക് കോർണർ ഉണ്ടാകും. ഇവിടെ 200 ട്രിപ്പിൾ ലെയർ മാസ്‌കുകൾ സൂക്ഷിക്കും. ബൂത്തിൽ എത്തുമ്പോൾ മാസ്‌ക് എടുക്കാൻ ആരെങ്കിലും മറന്നാൽ നൽകുന്നതിനായാണിത്. സമ്മതിദായകർക്കു നൽകുന്നതിനായി ഓരോ ബൂത്തിലും 2000 ഡിസ്പോസിബിൾ പ്ലാസ്റ്റിക് കൈയുറകൾ നൽകും.
എല്ലാ ബൂത്തുകളിലമുള്ള പോളിങ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, വൊളന്റിയർമാർ തുടങ്ങിവർക്കായി പത്തു കോവിഡ് പ്രൊട്ടക്ഷൻ കിറ്റുകൾ നൽകണമെന്നും തെരഞ്ഞടുപ്പു കമ്മിഷൻ നിർദേശിച്ചിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. എൻ95 മാസ്‌കുകൾ, ഗ്ലൗസ്, ഫെയിസ് ഷീൽഡ്, ഹാൻഡ് സാനിറ്റൈസർ എന്നിവ അടങ്ങുന്നതാണിത്.
വോട്ടെടുപ്പിനു തലേന്ന് എല്ലാ പോളിങ് ബൂത്തുകളും പൂർണമായി സാനിറ്റൈസ് ചെയ്യും. ബൂത്തിലേക്കുള്ള പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനർ ഉപയോഗിച്ചു പരിശോധിച്ച ശേഷമാകും സമ്മതിദായകരെ പ്രവേശിപ്പിക്കുക. ഇതിനായി പ്രത്യേക പരിശീലനം നൽകി ആശ വർക്കർമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, വൊളന്റിയർമാർ തുടങ്ങിയവരെ നിയോഗിക്കുമെന്നും കളക്ടർ പറഞ്ഞു.