മലപ്പുറം: ‘നവകേരളം – പുതിയ പൊന്നാനി’ എന്ന ദൗത്യവുമായി മുന്നേറുന്ന പൊന്നാനി നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച  വികസന സെമിനാര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ നേരില്‍ അഭിമുഖീകരിച്ച് വികസന കാഴ്ച്ചപ്പാടുകള്‍ രൂപീകരിക്കുമ്പോഴാണ്  ജനാധിപത്യം കൂടുതല്‍ അര്‍ത്ഥവത്താവുകയെന്ന് ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു.

പൊന്നാനി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.  വികസന സെമിനാറില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കരട് വികസന രേഖ അവതരിപ്പിച്ചു. കരട് രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിവിധ വര്‍ക്കിങ് ഗ്രൂപ്പുകളുടെ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. പതിനേഴ് വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങളില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് കരട് പദ്ധതി രേഖ തയ്യറാക്കിയത്. വികസന സെമിനാറില്‍ അവതരിപ്പിച്ച കരട് വികസനരേഖ വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്തു. പുതിയ നിര്‍ദേശങ്ങളും ചേര്‍ത്ത് നഗരസഭ അന്തിമ വികസന രേഖ പ്രസിദ്ധീകരിക്കും.

നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. സെമിനാറില്‍  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. ആബിദ കരട് വികസന രേഖ അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശന്‍, ഒ.ഒ ഷംസു, കൗണ്‍സിലര്‍മാരായ ഫര്‍ഹാന്‍ ബിയ്യം, അനുപമ മുരളീധരന്‍, കെ.ഗിരീഷ് കുമാര്‍, അജീന ജബ്ബാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.പി മുഹമ്മദ് കുഞ്ഞി, നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ്, വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍, പ്ലാന്‍ കര്‍ക്ക് വി.ടി പ്രിയ എന്നിവര്‍ സംസാരിച്ചു.