ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് യോഗം എ.ഡി.എം ടി. ജനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ജൂലൈ മാസത്തില്‍ ജില്ലാ ശിശുസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതിനായി മെഡിക്കല്‍ കോളേജിന് സമീപം കെട്ടിടം ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞാല്‍ മലപ്പുറം ജില്ലയിലെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കുട്ടികളെ ഇവിടേക്ക് മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്.

ജില്ലയില്‍ അമ്മത്തൊട്ടില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. പിഞ്ചു കുഞ്ഞുങ്ങളെ വഴിയോരത്ത് ഉപേക്ഷിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.വിജയന്‍ പറഞ്ഞു. ഇതിനാവശ്യമായ സൗകര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. നിലവില്‍ ബീച്ച് ആശുപത്രിയില്‍ അമ്മത്തൊട്ടില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ആശുപത്രിയോടനുബന്ധിച്ച് ഒരു കെട്ടിടം കൂടി ലഭ്യമായാല്‍ പുനര്‍ നടപടിളുമായി മുന്നോട്ടു പോവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനാവശ്യമായ നടപടികള്‍ ത്വരിതഗതിയിലാക്കുമെന്നും ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് കത്ത് നല്‍കുമെന്നും എഡിഎം അറിയിച്ചു.

സമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ശിശുക്ഷേമ പദ്ധതികളില്‍ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് പരിശീലനം നല്‍കാനും തണല്‍ പദ്ധതി പ്രകാരം 14 കേസുകളില്‍ ഇടപെടലുകള്‍ നടത്താനും സമിതിക്ക് സാധിച്ചിട്ടുണെന്ന് യോഗം വിലയിരുത്തി. സംസ്ഥാനശിശുക്ഷേമ സമിതി ജോ.സെക്രട്ടറി പി.എസ് ഭാരതി , ഡോ.വി.ആര്‍ ലതിക, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.