മലയോര ജില്ലയുടെ തിലകക്കുറിയായ ഗവിയുടെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് യാത്രാ പദ്ധതിയുമായി ജില്ലാ കുടുംബശ്രീ മിഷന്‍ ടൂറിസം രംഗത്തേക്ക് ചുവടുവയ്ക്കുന്നു. പട്ടികജാതി വികസന വകുപ്പില്‍ നിന്നും ജില്ലാ കുടുംബശ്രീ മിഷന് അനുവദിച്ച 89 ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് മിനി ബസുകള്‍ ഇതിനായി വാങ്ങും. ഇതിനൊപ്പം കൊടുമണ്‍, ആങ്ങമൂഴി, കൊച്ചുപമ്പ എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു മിനി റസ്‌റ്റോറന്റുകളും സജ്ജമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായാണ് പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്,  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍,  എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നതെന്ന്  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍ പറഞ്ഞു.
ഓഗസ്റ്റ് അവസാന വാരത്തോടെ സര്‍വീസ് ആരംഭിക്കത്തക്കവിധമാണ് നടപടികള്‍ പുരോഗമിക്കുന്നത്. 24 സീറ്റുകള്‍ വീതമുള്ള രണ്ട് ഏയര്‍കണ്ടീഷന്‍ഡ് മിനി ബസുകള്‍ വാങ്ങുന്നതിനുള്ള ഇ-ടെന്‍ഡര്‍ കുടുംബശ്രീ ക്ഷണിച്ചു കഴിഞ്ഞു. കൊടുമണ്‍, ആങ്ങമൂഴി, കൊച്ചുപമ്പ എന്നിവിടങ്ങളിലെ മിനി റസ്റ്റോറന്റുകളുടെ നിര്‍മാണവും ആരംഭിച്ചു. കൊടുമണ്ണിലെ മിനി റസ്റ്റോറന്റിനുള്ള സ്ഥലം ഗ്രാമപഞ്ചായത്താണ് നല്‍കിയിട്ടുള്ളത്. ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രത്തോട് ചേര്‍ന്ന് സീതത്തോട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മിനി റസ്‌റ്റോറന്റ് സജ്ജീകരിക്കുന്നത്. കൊച്ചു പമ്പയില്‍ കെഎസ്ഇബിയുടെ സ്ഥലത്താണ് റസ്റ്റോറന്റ് ആരംഭിക്കുന്നത്.
മിനി ബസുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അടൂരിലുള്ള കേന്ദ്രത്തില്‍ നിന്നും സര്‍വീസ് ആരംഭിച്ച് കൊടുമണ്ണിലെത്തി കോന്നി, തണ്ണിത്തോട്, ചിറ്റാര്‍, ആങ്ങമൂഴി, കൊച്ചു പമ്പ വഴി ഗവിയിലെത്തും.  മിനി ബസുകളില്‍ ഒരെണ്ണം അതേ ദിവസം തന്നെ തേക്കടി, കുമളി, മുണ്ടക്കയം വഴി തിരികെ അടൂരിലെത്തും. രണ്ടാമത്തെ മിനി ബസ് ആദ്യ ദിവസം തേക്കടിയില്‍ തങ്ങി അടുത്ത ദിവസം കുമരകം/ആലപ്പുഴ യാത്രയ്ക്കു ശേഷം അടൂരിലെത്തും. മിനി ബസുകളില്‍ ഒരെണ്ണം എല്ലാ ദിവസവും രണ്ടാമത്തേത് ഒന്നിടവിട്ട ദിവസങ്ങളിലും അടൂരില്‍ നിന്നും സര്‍വീസ് നടത്തും.
സഞ്ചാരികള്‍ക്ക്  കുടുംബശ്രീയുടേയും ഡിടിപിസിയുടേയും  വെബ് സൈറ്റില്‍ യാത്ര ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കും. ഒരു ദിവസത്തേക്ക് ഒരാള്‍ക്ക് രണ്ടായിരം രൂപയും രണ്ടു ദിവസത്തേക്ക് നാലായിരം  രൂപയുമാണ് ഭക്ഷണം ഉള്‍പ്പെടെ ഈടാക്കുക. രണ്ട് ദിവസത്തെ യാത്രയില്‍ ഗവി കൂടാതെ തേക്കടി,  കുമരകം/ ആലപ്പുഴ എന്നീ സ്ഥലങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കാനനസൗന്ദര്യം ആസ്വദിക്കാന്‍ ട്രക്കിംഗ്, കാട്ടിലൂടെയുള്ള സഫാരി, വന്യമൃഗനീരീക്ഷണം, പക്ഷി നിരീക്ഷണം തുടങ്ങിയവയ്ക്കും അവസരമുണ്ടാകും.
ഗവി യാത്രാ പദ്ധതി നടത്തിപ്പിനായി പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. പട്ടികജാതി വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ജോലികളില്‍ 75 ശതമാനവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 25 ശതമാനം മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുമായിരിക്കും നല്‍കുക. കുടുബശ്രീ അംഗങ്ങള്‍ക്കോ, കുടുംബശ്രീ കുടുംബാഗങ്ങള്‍ക്കോ മാത്രമായിരിക്കും പദ്ധതിയില്‍ ജോലി നല്‍കുക.
സമുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഗവി യാത്ര. മലമടക്കുകളും ചോലവനങ്ങളും ചെറിയ അണക്കെട്ടുകളുമാണ് ഗവി യാത്രയുടെ പ്രധാന ആകര്‍ഷണം. വന്യത ആസ്വദിച്ച് കാടിന് നടുവിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് പുതിയ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കും.
കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന് കടമ്പനാട് തുടക്കമായി
കടമ്പനാട് പഞ്ചായത്തില്‍ കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററും കമ്യൂണിറ്റി കൗണ്‍സലിംഗ് സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു.  സ്ത്രീകളും കൗമാരക്കാരും കുട്ടികളും അനുഭവിക്കുന്ന മാനസിക വൈകാരിക പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയ രീതിയില്‍ പിന്തുണാ സഹായം നല്‍കുകയാണ് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളുടെ ലക്ഷ്യം. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ബ്ലോക്ക് തലത്തിലാണ് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ ആരംഭിക്കുന്നത്. കടമ്പനാട് പഞ്ചായത്തിലെ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെയും കമ്യൂണിറ്റി കൗണ്‍സലിംഗ് സെന്ററിന്റെയും ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ  നിര്‍വഹിച്ചു.
 സ്ത്രീകളെ ശാക്തീകരിച്ച് സമൂഹത്തില്‍ അവരുടെ സ്ഥാനം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശികവികസനത്തില്‍ ലിംഗനീതിയും സമത്വവും ഉറപ്പാക്കുന്നതിനോടൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമസഹായവും അവരുടെ ശാരീരിക മാനസിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനാവശ്യമായ കൗണ്‍സിലിംഗ്, പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്ന സ്ഥിരം സംവിധാനം എന്ന നിലയിലാണ് ഇതിന്റെ പ്രവര്‍ത്തനം. കൂടാതെ ജെന്‍ഡര്‍ അവബോധ പ്രവര്‍ത്തനങ്ങളും  സംഘടിപ്പിക്കുന്നുണ്ട്.
കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍. അജീഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് അംഗം ടി മുരുകേഷ് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മോനി കുഞ്ഞുമോന്‍, സി. രാജമ്മ, ഉഷ വിജയന്‍, രാധാമോള്‍, ബിനു രാജ്, അഡ്വ.മറിയാമ്മ തോമസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അജു ബിജു, ജില്ലാ കുടുംബശ്രീ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനൂപ തുടങ്ങിയവര്‍ പങ്കെടുത്തു. കടമ്പനാട് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ചെലവ് രണ്ട് ലക്ഷം രൂപയാണ്.