വിപണിയില്‍ ലഭിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്ന പ്രവണത വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇന്ന് വിപണിയില്‍ ഗുണമേന്മ  ഉള്ളതും ഇല്ലാത്തതുമായ പലതരം ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ലാഭം നോക്കി ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍ ഉപഭോക്താക്കള്‍ ജാഗ്രത ചെലുത്തണമെന്നും മേയര്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടര്‍ എം. ശോഭന മുഖ്യ പ്രഭാഷണം നടത്തി.  പാല്‍ – ഉത്പാദകരില്‍ നിന്ന് ഉപഭോക്താക്കളിലേക്ക് എന്ന വിഷയത്തില്‍ സീനിയര്‍ മാനേജര്‍ (പി ആന്റ് ഐ, മില്‍മ) കെ.സി.ജെയിംസും ഭക്ഷ്യ സുരക്ഷാ നിയമവും പാല്‍ ഉപഭോക്താക്കളും എന്ന വിഷയത്തില്‍ ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ജോണ്‍ തോമസും സംസാരിച്ചു. ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ആര്‍. രശ്മി സ്വാഗതവും ക്ഷീര വികസന ഓഫീസര്‍ ശ്രീകാന്തി നന്ദിയും പറഞ്ഞു.