കേരളത്തിലെ ദുരന്തബാധിതർക്കായി അളവറ്റ സ്‌നേഹത്തിന്റെ കരുതലുമായി മൂന്ന് വിദേശ വിനോദ സഞ്ചാരികളും. ഇറാൻ സ്വദേശി പ്രോസ്, ഇറ്റലിയിൽ നിന്നുള്ള ബതാനികോ, എസ്റ്റോണിയയിൽ നിന്നെത്തിയ എർത്തോ എന്നിവരാണ് ദുരിത ബാധിതർക്കുള്ള സഹായവുമായി ഇന്ന് രാവിലെ വർക്കല താലൂക്ക് ഓഫീസിൽ എത്തിയത്. വിനോദ സഞ്ചാരത്തിനും ആയുർവേദ ചികിത്സയ്ക്കുമായി വർക്കലയിലെത്തിയ ഇവർ മാധ്യമങ്ങളിലൂടെയും ഹോട്ടൽ അധികൃതരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സഹായ സന്നദ്ധരാവുകയായിരുന്നു. ശുചീകരണത്തിനായുള്ള ഉപകരണങ്ങൾ, ബിസ്‌ക്കറ്റ്, ബൺ, പാൽപ്പൊടി തുടങ്ങിയവയാണ് മൂവരും ചേർന്ന് താലൂക്ക് ഓഫീസിലെ കളക്ഷൻ സെന്ററിൽ എത്തിച്ചത്.