പ്രളബാധിത മേഖലകളിലെത്തിക്കുന്നതിനായി ഇന്ന് ഹെലികോപ്റ്ററിൽ അയച്ചത് 12,000 കിലോ അവശ്യ വസ്തുക്കൾ. ചെങ്ങന്നൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ പ്രളയ മേഖലകളിൽ രാവിലെ മുതൽ ഇവ വിതരണം ചെയ്യുന്നുണ്ട്. പത്തു ഹെലികോപ്റ്ററുകളിലായാണു ലോഡുകൾ അയച്ചത്.
പുലർച്ചെ അഞ്ചു ഹെലികോപ്റ്ററുകളിലായി 5.1 ടൺ അവശ്യ വസ്തുക്കൾ കയറ്റിയയച്ചതായി റെവന്യൂ അധികൃതർ അറിയിച്ചു. രണ്ടാമത്തെ ട്രിപ്പായി നാലു ഹെലികോപ്റ്ററുകളിൽ 5.3 ടണ്ണും ഉച്ചകഴിഞ്ഞ് ഒരു ഹെലികോപ്റ്ററിൽ 1.4 ടണ്ണും അയച്ചു. അവശ്യവസ്തുക്കൾ വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയയിൽ സംഭരിച്ച് ഹെലികോപ്റ്ററുകൾ ലഭ്യമാകുന്ന മുറയ്ക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.
റോഡ് മാർഗം കൊണ്ടുപോകുന്ന ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ തടസമുള്ള മേഖലകൾ കേന്ദ്രീകരിച്ചാണു ഹെലികോപ്റ്ററിൽ വിതരണം നടക്കുന്നത്. വെള്ളപ്പൊക്കം ദുരിതം വിതച്ച എല്ലാ സ്ഥലങ്ങളിലും ഭക്ഷണം എത്തിക്കുന്നതിനുവേണ്ടി കൂടുതൽ ഹെലികോപ്റ്ററുകൾ ഇന്ന് എയർഡ്രോപ്പിങിന് ഉപയോഗിക്കുന്നുണ്ട്. കഴിയുന്നത്ര അവശ്യ മരുന്നുകളും ഹെലികോപ്റ്ററിൽ വിതരണത്തിനു കൊണ്ടുപോകുന്നുണ്ട്.