പുതുക്കാട് റെയില്‍വേ മേല്‍പാലം, നന്തിക്കര മേല്‍പാലം എന്നിവ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്നും ഇതിനുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പുതുക്കാട് നിയോജകമണ്ഡലത്തിലെ റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിയോജക മണ്ഡലത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പല പദ്ധതികളും കാലതാമസം വരാതെ ത്വരിതഗതിയിലാക്കും. പദ്ധതികളുമായി ബന്ധപ്പെട്ട് കാലതാമസം വരുന്ന സാഹചര്യമുണ്ടെങ്കില്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും. വിവിധയിടങ്ങളിലുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം, റോഡുകളുമായി ബന്ധപ്പെട്ട കാനകളുടെ നിര്‍മ്മാണം മുതലായവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഒരു തടസ്സമാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ചൂരക്കാട്ടുകര അപ്രോച്ച് റോഡിന്‍റേയും കാനത്തോടിന്‍റേയും നിര്‍മ്മാണം വേഗത്തിലാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ ടി.വി.അനുപമ, നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.