പേരാമ്പ്ര കല്‍പത്തൂരിലെ രാമല്ലൂര്‍ ജിഎല്‍പി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി നാലേകാല്‍ കോടി രൂപ ചെലവുവരുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.പേരാമ്പ്ര മണ്ഡലം വികസന മിഷനില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുന്നതിന്റെ ഭാഗമായി സ്‌കൂളില്‍ കിഫ്ബി സഹായത്തോടെയാണ് പുതിയ കെട്ടിടം ഉയരുന്നത്. നിര്‍മാണം നവംബറില്‍ തന്നെ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുപതിനായിരത്തിലധികം കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമായെത്തിയത്.ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും അവസരം ലഭിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പൊതുവിദ്യാലയങ്ങളെ മികവുറ്റതാക്കാന്‍ സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. എല്ലാ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയും രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ദൗത്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും.ആയിരത്തില്‍ കൂടുതല്‍ കുട്ടികളുള്ള 138 പൊതുവിദ്യാലയങ്ങളാണ് ആദ്യഘട്ടത്തില്‍ ലോകനിലവാരത്തിലേക്ക് ഉയരാന്‍ പോകുന്നത്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്മാര്‍ട് ക്ലാസ്‌റൂമുകള്‍ നിലവില്‍ വരികയാണ്. സര്‍ക്കാര്‍ സ്‌കൂളുകളെ പരിഹസിച്ചവര്‍  ഇന്ന് തങ്ങളുടെ കുട്ടികള്‍ക്കും അവിടെ പ്രവേശനം ലഭിക്കാന്‍ പാടുപെടുകയാണ്.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ.ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.എന്‍.ശാരദ, വികസനമിഷന്‍ ജനറല്‍ കണ്‍വീനര്‍ എം.കുഞ്ഞമ്മദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനയ്ക്കല്‍, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.