തൃശ്ശൂർ: കവിത ചൊല്ലിയും കവിതാ വിവര്‍ത്തന മത്സരത്തില്‍ പങ്കെടുത്തും കുട്ടനെല്ലൂര്‍ ശ്രീ അച്യുതമേനോന്‍ ഗവ. കോളേജിലെ വിദ്യാര്‍ത്ഥികളുടെ മലയാളദിന-ഔദ്യോഗിക ഭാഷാ വാരാചരണം. ‘മലയാളഭാഷയെ പരിപോഷിപ്പിക്കണം’ എന്ന ആശയം പങ്കുവെച്ചായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കവികള്‍/കാഴ്ചകള്‍ എന്ന പരിപാടി. വിദ്യാര്‍ത്ഥികളോടൊപ്പം കവികളായ സി. രാവുണ്ണി, കെ.ആര്‍. ടോണി, ഇ. സന്ധ്യ എന്നിവര്‍ ഭാഷയുടെ സാധ്യതകളും പരിമിതികളും ചര്‍ച്ച ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.സി. ബാബു ഭാഷാസത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടിയ്ക്ക് തുടക്കമിട്ടു. അന്നാ അഹ്മതോവിന്റെ ‘റ്റു അലക്‌സാണ്ടര്‍ ബ്ലോക്ക്’ എന്ന കവിതയാണ് വിവര്‍ത്തനത്തിനായി തെരഞ്ഞെടുത്തത്. വിജയി ഒന്നാം വര്‍ഷചരിത്ര വിദ്യാര്‍ത്ഥിനി ഹൈറുന്നീസയ്ക്ക് മൂന്നു കവികളും ചേര്‍ന്ന് സമ്മാനം നല്‍കി. കവികളെ കൂടാതെ വിദ്യാര്‍ത്ഥികളായ നിരജ്ഞന, ആദിത്യ, അല്‍ത്താഫ്, രമേശ് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.

വാക്കുകള്‍ക്കൊപ്പം സംസ്‌കാരം കൂടി ഉള്‍ച്ചേര്‍ന്ന ഭാഷയാണ് മലയാളമെന്നും അതിനെയാണ് നാമിന്ന് വലിച്ചെറിയുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സി. രാവുണ്ണി പറഞ്ഞു. അതിസമ്പന്നമായ ഭാഷയാണ് മലയാളം. ഭാവിതലമുറയ്ക്ക് വേണ്ടി നാം സമ്പാദിക്കേണ്ടത് നമ്മുടെ സമ്പത്തായ ഭാഷയെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാഷയുടെ പ്രതിസന്ധിയെ ജീവിതത്തിന്റെ പ്രതിസന്ധിയായി തന്നെ കണക്കാക്കണമെന്ന് കെ.ആര്‍. ടോണി പറഞ്ഞു. കേരളത്തില്‍ മുമ്പുണ്ടായിരുന്ന ഒരുമയെ ഐക്യകേരളപ്പിറവിയ്ക്ക് ശേഷം വര്‍ഗീയശക്തികള്‍ ഇന്ന് അവരുടേതായ രീതിയില്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷ എല്ലായ്‌പ്പോഴും പരിവര്‍ത്തന വിധേയമാണെന്നും ഭാഷയില്‍ വാക്കുകളുടെ കൊഴിഞ്ഞുപോക്കും കടന്നുവരലും സര്‍വ്വസാധാരണമാണെന്നും കവയത്രി ഇ. സന്ധ്യ അഭിപ്രായപ്പെട്ടു.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ഫൈനാര്‍ട്‌സ് സെക്രട്ടറി മുഹമ്മദ് ജാഫര്‍ കെ.എസ്. ആശംസകള്‍ നേര്‍ന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ് സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍. ബിജു നന്ദിയും പറഞ്ഞു.