വരുമാനം പ്രശ്‌നമാകാതെ സാധാരണക്കാര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കൊയിലാണ്ടി നഗരസഭ താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ശക്തമാക്കും. മെഡിക്കല്‍ കോളേജ് മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെ മികച്ച ചികിത്സ സൗകര്യങ്ങള്‍ ഒരുക്കും. വരുമാനമില്ലാത്തതുകൊണ്ട് ചികിത്സ കിട്ടാതെ മരണപ്പെടുന്ന  സാഹചര്യം ഒരു രോഗിക്കും ഉണ്ടാവരുതെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വൃക്ക മാറ്റിവെക്കല്‍, കരള്‍ മാറ്റിവെക്കല്‍ ഉള്‍പ്പടെയുള്ള അവയവദാന ചികിത്സയിലും മറ്റും സ്വാശ്രയാശുപത്രികള്‍ വലിയ തുക ഈടാക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മിതമായ നിരക്കില്‍ നടത്തുന്ന ചികിത്സക്ക് വളരെ കൂടിയ തുക ചില സ്വാശ്രയാശുപത്രികള്‍ ഈടാക്കുന്നത് തെറ്റായ പ്രവണതയാണ്. അവയവദാന ചികിത്സക്ക് കൃത്യമായ പ്രോട്ടോക്കോള്‍ ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും ചികിത്സ ലഭ്യമാകുമ്പോള്‍ അമിതമായ തുക ഈടാക്കുന്ന സാഹചര്യമുണ്ടാവരുത്. സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ്. ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനാവശ്യമായ ടെസ്റ്റുകള്‍ക്ക് രോഗികളെ നിര്‍ബന്ധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. വരുമാനത്തിനപ്പുറം വരുമാനമുണ്ടാക്കാമെന്ന് ചിന്തിക്കരുത്. ഇതിന് തെറ്റായ മാര്‍ഗം സ്വീകരിക്കരുത്. രോഗീസൗഹൃദമാകണം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമീപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  വലിയ തിരക്ക് ആശുപത്രികളില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗികളോട് ഡോക്ടര്‍മാര്‍ സഹാനുഭൂതി പ്രകടിപ്പിക്കണം. പരുക്കന്‍ പെരുമാറ്റം പാടില്ല. പൊതുജനാരോഗ്യ രംഗം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജീവിതശൈലി രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ ആരോഗ്യപ്രവര്‍ത്തകരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഇടപെടണം. ഡോക്ടര്‍മാര്‍ ബോധവല്‍ക്കരണത്തിന് സഹായിക്കണം. പൊതുസമൂഹത്തെ ജാഗ്രതയുള്ളവരാക്കണം. പകര്‍ച്ചവ്യാധി വരാതിരിക്കാനുള്ള മുന്‍കരുതലായി പരിസരശുചിത്വം സമൂഹം പ്രധാനമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും രോഗം പിടിപ്പെട്ടാല്‍ മികച്ച ചികിത്സ ഉറപ്പു വരുത്തുകയുമാണ് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
20 കോടി രൂപ ചിലവില്‍ ആറ് നിലയിലാണ് കെട്ടിടംനിര്‍മ്മിച്ചിരിക്കുന്നത്. ദിവസേന 2500ല്‍ അധികം ആളുകളാണ്  ചികിത്‌സക്കായി താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. കഴിഞ്ഞ മാസം ഒ.പി.വിഭാഗവും, അത്യാഹിത വിഭാഗവും, കുട്ടികളുടെ വാര്‍ഡും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. യോഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ ദാസന്‍ എം.എല്‍.എ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു നന്ദിയും പറഞ്ഞു. വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ജയശ്രീ ,മുന്‍ എം എല്‍ എ പി വിശ്വന്‍,പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിടി ഉഷ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ കുഞ്ഞിരാമന്‍, പന്തലായനി പഞ്ചായത്ത് പ്രസിഡന്റ്  കെ എം ശോഭ, കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി കെ പത്മിനി, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്്, ചെങ്ങോട്ടുകാവ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റേ്് കൂമുള്ളി കരുണാകരന്‍,കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാധ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന്‍ ചിറ്റൂര്‍, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുകാവില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ശാലിനി ബാലകൃഷ്ണന്‍, അജിത എം.പി, കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുന്ദരന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ സലീന സി.കെ, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശാന്ത ടീച്ചര്‍, സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, കെ.കെ മുഹമ്മദ്, യു. രാജീവന്‍ മാസ്റ്റര്‍, വി പി ഇബ്രാഹിം കുട്ടി, ഇ.കെ അജിത്ത് മാസ്റ്റര്‍, അഡ്വ. വി സത്യന്‍, ഇ.എസ് രാജന്‍, അഡ്വ.ആര്‍.എന്‍ രഞ്ജിത്ത്, സുരേഷ് മേലേപ്പുറത്ത്, സി സത്യചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.