സംസ്ഥാനത്തെ 858 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. 673 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് ആദ്യ രണ്ടു ഘട്ടങ്ങളില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ബാക്കിയുള്ളവ അടുത്തവര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അരിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിനു എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ജനറേറ്റര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016-17 വര്‍ഷത്തില്‍ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെയും സായാഹ്ന ഒപിയും കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേക കളിസ്ഥലവും ഉള്‍പ്പെടെയുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സി.രാധ അധ്യക്ഷയായ ചടങ്ങില്‍ ഡിഎംഒ ഡോ.വി. ജയശ്രി മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് വി.എം ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി.പി.രമണി, പി,കെ.ബീന, എം.എം.സുധ, ഒ.കെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എം.ജാനു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.എം.സുഹൈല്‍, ലത പൊറ്റയില്‍, സെക്രട്ടറി ജെ.ഷാജി, മെഡിക്കല്‍ ഓഫിസര്‍ ഡോ.മുഹമ്മദ് അഷ്റഫ്, എ.എം.ബിജു തുടങ്ങിയവര്‍ സംസാരിച്ചു.