ലോക്സഭ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ മുന്‍ഗണന നല്‍കുമെന്നും ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം. ജില്ലാഭരണകൂടം, ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ കുന്നംകുളം താലൂക്ക് ഓഫീസില്‍ ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന ഭിന്നശേഷിക്കാരുടെ യോഗത്തില്‍ തിരഞ്ഞെടുപ്പുവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പുവിഭാഗത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ഭിന്നശേഷി സൗഹൃദ രീതിയിലുള്ള തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാണ്. ഭിന്നശേഷിക്കാര്‍ക്കായി പോലീസ് സ്റ്റേഷനുകളില്‍ ഡയറക്ടറി തയ്യാറാക്കും. ഇതിലൂടെ പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് സമ്മതിദാനാവകാശം സുതാര്യമായി വിനിയോഗിക്കാന്‍ സാധിക്കും. കാഴ്ച വൈകല്യമുള്ളവര്‍ക്ക് വോട്ടവകാശം സുഗമമായി വിനിയോഗിക്കുന്നതിനായി ബ്രെയിലി ലിപിയില്‍ ബാലറ്റുപേപ്പറുകള്‍ തയ്യാറാക്കി വരണാധികാരികള്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്ക് നല്‍കുമെന്നും ഡെപ്യൂട്ടി കളക്ടര്‍ വ്യക്തമാക്കി.
യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളം താലൂക്ക് തഹസില്‍ദാര്‍ ബ്രീജാകുമാരി, എഇഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് സുധീര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കിഷോര്‍ കുമാര്‍, അശോക് കുമാര്‍, നാരായണന്‍കുട്ടി, അഡീ. തഹസില്‍ദാര്‍ സുധ, ബിഎല്‍ഒ വി. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.