മകരവിളക്ക് മഹോത്സവത്തിനായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. മേല്‍ശാന്തി പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം ഭക്തരെ കയറ്റിവിടാന്‍ തുടങ്ങി. വലിയ തോതിലുള്ള ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്. മണ്ഡലകാലത്തിന് സമാപനം കുറിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് നടയടച്ചത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും ഏകോപിച്ച് മകരവിളക്ക് കാലത്ത് ആവശ്യമായ സൗകര്യങ്ങളെല്ലാം സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. പോലീസ് സുരക്ഷയും ശക്തമാക്കി. പുതിയ ബാച്ചിലെ 2,280 സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഡ്യൂട്ടിയില്‍ പ്രവേശിച്ചു. നിരോധനാജ്ഞ നീട്ടിയതിനാല്‍ സോപാനം, മാളികപ്പുറം, പതിനെട്ടാംപടി എന്നിവിടങ്ങളിലൊഴികെ പോലിസുകാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് സുജിത് ദാസിന്റെ നേതൃത്വത്തില്‍ പോലിസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ കൂടിയായ അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫിസര്‍ കെ സുരേഷ്‌കുമാര്‍, മരക്കൂട്ടത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പി സുനില്‍ ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കേരള പോലിസിലെ റാപിഡ് റസ്‌പോണ്‍സ് ആന്റ് റസ്‌ക്യൂ, ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിലുള്ള എന്‍ഡിആര്‍എഫ് സംഘാംഗങ്ങള്‍ എന്നിവര്‍ സുരക്ഷയ്ക്കുണ്ട്. 15 ഡിവൈഎസ്പിമാര്‍, 30 സിഐമാരും 114 എസ്‌ഐമാര്‍, 1,395 സിവില്‍ പോലിസ് ഓഫിസര്‍മാര്‍ എന്നിവരാണ് കേരള പോലീസ് സംഘത്തിലുള്ളത്.