ലോക കേരളസഭയുടെ അഞ്ചാം സമ്മേളനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ പ്രത്യേക പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നിയമസഭയിൽ നടന്ന ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീറിന്റെ സാന്നിധ്യത്തിൽ യു.എൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി മുഖ്യമന്ത്രിയിൽ നിന്നും പതിപ്പ് സ്വീകരിച്ചു.
പ്രവാസി മലയാളികളുടെ ആഗോള പങ്കാളിത്തവും കേരളത്തിന്റെ വികസന യാത്രയും സമഗ്രമായി അവതരിപ്പിക്കുന്ന ലേകകേരള സഭ പ്രത്യേക പതിപ്പ് ലോകമെമ്പാടുമുള്ള മലയാളിസമൂഹത്തെയും സംസ്ഥാനത്തിന്റെ മുന്നേറ്റങ്ങളെയും അടയാളപ്പെടുത്തുന്ന സമഗ്രരേഖയാണ്. ലോക കേരളസഭയുടെ ലക്ഷ്യവും പ്രാധാന്യവും വിശദീകരിക്കുന്ന ലേഖനങ്ങളാണ് പതിപ്പിന്റെ മുഖ്യ ആകർഷണം.
”മാനവികതയുടെ ലോകകേരളം” എന്ന തലക്കെട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ലേഖനം, പ്രവാസി സമൂഹത്തിന്റെ അനുഭവങ്ങളും ആശയങ്ങളും കേരളത്തിന്റെ വികസനയാത്രയുമായി ബന്ധിപ്പിക്കുന്ന ലോക കേരളസഭയുടെ പ്രസക്തി വിശദമാക്കുന്നു. അതിരുകൾക്കപ്പുറം വ്യാപിച്ചിരിക്കുന്ന മലയാളി സ്വത്വത്തെ ഏകോപിപ്പിക്കുന്ന ജനാധിപത്യ വേദിയായാണ് ലോക കേരളസഭയെ മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. ”അതിരുകളില്ലാത്ത കേരളം” എന്ന ലേഖനത്തിലൂടെ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, പ്രവാസികളും സംസ്ഥാന നിയമനിർമ്മാണ സംവിധാനവും തമ്മിലുള്ള ആശയവിനിമയത്തിന് ലോക കേരളസഭ ഒരുക്കുന്ന സാധ്യതകൾ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും നാടിന്റെ വികസനത്തിനായി അവരുടെ അറിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ലേഖനങ്ങളും പ്രവാസലോകത്തെക്കുറിച്ചുള്ള പഠനങ്ങളും പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. ശശി തരൂർ എം.പി., പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, എം.എ യൂസഫലി, രവി പിള്ള, സച്ചിദാനന്ദൻ, ഡോ. ആസാദ് മൂപ്പൻ, കെ രവി രാമൻ, ഇരുദയരാജൻ പ്രഭാവർമ്മ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുടെ ലേഖനങ്ങളും കുറിപ്പുകളും പുസ്തകത്തിലുണ്ട്. പ്രവാസ ചരിത്രം, നോർക്കയുടെ ക്ഷേമപദ്ധതികൾ, വിഴിഞ്ഞം തുറമുഖം പോലുള്ള വൻകിട വികസന പദ്ധതികൾ, നവകേരള നിർമ്മിതിയിലെ പ്രവാസികളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും പ്രത്യേക പതിപ്പിലൂടെ അറിയാം.
