മകരവിളക്ക് മഹോത്സവത്തിനും  മകരജ്യോതി ദര്‍ശനത്തിനും
എത്തിച്ചേരുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ദര്‍ശനത്തിനായി മെച്ചപ്പെട്ട സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.മകരവിളക്ക് മഹോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന്  സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ദേവസ്വം ബോര്‍ഡ് അവലോകന യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലവും ഫലപ്രദവുമായ ക്രമീകരണങ്ങളാണ് സന്നിധാനത്തും മറ്റ് പ്രദേശങ്ങളിലും ഒരുക്കുന്നത്. മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയില്‍  ദര്‍ശനം നടത്താന്‍ സാധിക്കുന്ന തരത്തിലുളള ഒരുക്കങ്ങളാണ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആവശ്യമായ ഇടങ്ങളില്‍ പ്രത്യേകം ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നുണ്ട്. ദര്‍ശനത്തിനായി ദീര്‍ഘ നേരം വരിയില്‍ നില്‍ക്കേണ്ടി വരുന്നവര്‍ക്ക് കുടിവെളളവും ബിസ്‌ക്കറ്റും വിതരണം ചെയ്യും. തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും വിരിവെക്കുന്നതിനും കൂടുതല്‍ സൗകര്യമൊരുക്കാനും യോഗം തീരുമാനിച്ചു. എന്തെങ്കിലും തരത്തിലുളള പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ടവരുമായുളള ചര്‍ച്ചയിലൂടെ പരിഹരിക്കും. പോലീസിന്റെയും നിരീക്ഷണ സമിതിയുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കുക. നിലവില്‍ സന്നിധാനത്ത് ഒരുക്കിയ സൗകര്യങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് പരാതികളില്ല. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. ഇത് ശബരിമലയിലെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.ദേവസ്വം ബോര്‍ഡിന്റെ അനുവാദമില്ലാതെ ക്ഷേത്രനടയടച്ച തന്ത്രിയോട് രേഖാമൂലം വിശദീകരണം  ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.യോഗത്തില്‍ ബോര്‍ഡ് അംഗം അഡ്വ.എന്‍ വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു തുടങ്ങിയവര്‍ പങ്കെടുത്തു.