നിലയ്ക്കലും സന്നിധാനത്തും കൂടുതല്‍ സൗകര്യങ്ങള്‍ നകാണാന്‍ കഴിഞ്ഞതായി ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. കഴിഞ്ഞ തവണ നിലയ്ക്കല്‍ എത്തിയപ്പോള്‍കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇത്തവണ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം കാണാനായതായി സമിതി വിലയിരുത്തി. നിലയ്ക്കലില്‍ മൂന്നു ജെസിബികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സമിതിയുടെ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം ശാസ്ത്രീയമായ പാര്‍ക്കിംഗ് സംവിധാനത്തിന്റെ അഭാവമാണ്. അതിനായി അടുത്ത വര്‍ഷത്തോടെ ശാസ്ത്രിയമായ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ തയ്യാറാക്കാന്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിക്കും. പാര്‍ക്കിങ് ഏരിയകളില്‍ കൂടുതല്‍ ശൗചാലയ സൗകര്യവും കൂടി ഏര്‍പ്പെടുത്തുന്നത് ഏറെ ഉപകരിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി. നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ഇറങ്ങി വരുന്നതിനുവേണ്ടി എക്‌സിറ്റ് റോഡ് തയ്യാറാക്കിയിട്ടുള്ളത് ഏറെ സൗകര്യപ്രദമായ തോന്നിയെന്ന് സമിതിയംഗം ജസ്റ്റിസ് പി.ആര്‍.രാമന്‍ പറഞ്ഞു. അത് ഒരു സ്ഥിരം സംവിധാനം ആക്കണം. അതിന് റോഡ് ടാര്‍ ചെയ്യേണ്ടതുണ്ട്. അതും വികസനത്തിന്റെ ഭാഗമായി പരിഗണിക്കുമെന്ന് സമിതി പറഞ്ഞു. തുടര്‍ന്ന് സമിതി പമ്പയിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. പമ്പ ഹില്‍ടോപ്പില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയാല്‍ അവിടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇക്കാരണത്താല്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പമ്പാതീരത്തു മുഴുവന്‍ പ്രളയത്തില്‍ മണ്ണൊലിച്ചു പോയതിനാല്‍ മണല്‍ചാക്കുകള്‍ ആണ് അടുക്കി വച്ചിട്ടുള്ളത്. അവിടെ അപകടം ഒഴിവാക്കാന്‍ ആവശ്യമായ ബന്ധവസ്സുകള്‍ വരുത്തുന്നതിനെക്കുറിച്ച് പോലീസുകാരുമായി ആലോചിച്ചിട്ടുണ്ട്.വെള്ളിയാഴ്ച രാവിലെ ജസ്റ്റിസ് എസ്. സിരിജഗന്‍, ഡി.ജി.പി. എ. ഹേമചന്ദ്രന്‍ എന്നിവരടങ്ങിയ നിരീക്ഷക സംഘം പാണ്ടിത്താവളം ഭാഗത്ത് സന്ദര്‍ശനം നടത്തി. അവിടെ കഴിഞ്ഞപ്രാവശ്യം ഉള്ളതുപോലുള്ള ദര്‍ശനസൗകര്യം ഇപ്രാവശ്യം ഉണ്ടോ എന്ന് സമിതി പരിശോധിച്ചു. അവിടെ കുറച്ചുഭാഗത്ത് മാത്രം വലിയ പാറക്കെട്ടുകള്‍ കണ്ടെത്തി. അതു വരാന്‍ കാരണം വാട്ടര്‍ടാങ്ക് നിര്‍മ്മിച്ചപ്പോള്‍ അവിടെ നിന്നു നീക്കം ചെയ്ത് പാറകളാണ്. ഇത് വനപ്രദേശത്ത് ഇടാന്‍ സാധിക്കില്ല. അതിനാല്‍ താല്‍ക്കാലികമായി അവിടെ വച്ചിരിക്കുന്നതാണ്. പാറകള്‍ സൗകര്യപ്രദമായ രീതിയില്‍ സുരക്ഷിതമായി നീക്കം ചെയ്യുകയോ എവിടെയെങ്കിലും ഉപയോഗിക്കുകയോ ചെയ്യുന്നത് സംബന്ധിച്ച് അടുത്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. മറ്റു പ്രദേശങ്ങളില്‍ മകരവിളക്ക് ദര്‍ശിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ പോലെ തന്നെ വിശാലമായ സ്ഥലം ദര്‍ശനത്തിന് ഉണ്ടോ എന്ന് പരിശോധിച്ചു. ഇത്തവണ അധിക സ്ഥലവും ലഭിച്ചിട്ടുള്ളതാണ് സമിതിയുടെ വിലയിരുത്തല്‍. നിലമൊരുക്കല്‍ ജോലികള്‍ ഇന്നും നാളെയും കൊണ്ടു പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും സംബന്ധിച്ചിട്ടുള്ള കാര്യങ്ങളെല്ലാം പോലീസുമായും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു. മകരവിളക്ക് ദര്‍ശിച്ചശേഷം തിരിച്ചു പോകേണ്ട റൂട്ടുകളും കൃത്യമായ സമിതി വിലയിരുത്തിയിട്ടുണ്ട.് ഇത്തവണ ദീപാരാധന കഴിഞ്ഞ് അധികം വൈകാതെ മകരസംക്രമപൂജ നടക്കുന്നതിനാല്‍ നട അടയ്ക്കുന്നത് ഭക്തര്‍ക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായതിനാല്‍ സ്വാഭാവികമാണെന്ന് സമിതി വിലയിരുത്തി. ചീഫ് എന്‍ജിനീയര്‍ ശങ്കരന്‍പോറ്റി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍, സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ എം. മനോജ് തുടങ്ങി പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരും സമിതിയോടൊപ്പം ഉണ്ടായിരുന്നു.