പ്രളയവും സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യതയുമടക്കമുള്ള പ്രതിസന്ധികളെ  അതിജീവിച്ച് മണ്ഡല-മകരവിളക്ക് ഉത്സവം ഗംഭിരമാക്കാന്‍ കഴിഞ്ഞതായി സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല മാസ്റ്റര്‍പ്ലാനില്‍ പറയുന്ന പ്രകാരം നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കിമാറ്റാന്‍ ഇത്തവണ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. സന്നിധാനം സ്വാമി അയ്യപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എട്ടാമത് ഹരിവരാസനം പുരസ്്കാരം ഗായിക പി.സുശീലയ്ക്ക് നല്‍കികൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സോഷ്യല്‍ മീഡിയയുടെ ദുഷ്പ്രചാരണത്തിന് പി.സുശീല ഈയിടെ ഇടയായത് അത്യന്തം വേദനാകരമാണ്. താന്‍ ജീവിച്ചിരിക്കുന്നുവെന്ന് പി.സുശീലയ്ക്ക് വീഡിയോ സന്ദേശം നല്‍കേണ്ടിവന്നതും മന്ത്രി പറഞ്ഞു. ക്ഷേത്രത്തില്‍ ചെരുപ്പിട്ട് കയറാം എന്ന് തന്റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിക്കുകയും അതിന്റെപേരില്‍ അത്യധികം അപഹസിക്കപ്പെടുകയും ചെയ്തതായും പിന്നീട് പോലീസ് പ്രതികളെ പിടികൂടിയെന്നും മന്ത്രി പറഞ്ഞു.
നിരവധി ഭക്തിഗാനങ്ങള്‍ പി.സുശീലയുടെ സ്വരത്തില്‍ കേള്‍ക്കുന്നതിന് ഇടയാക്കിയ കൂട്ടുകെട്ടായ വയലാറിനെയും ദേവരാജന്‍ മാസ്റ്ററേയും  അനുസ്മരിക്കുന്നതായും മന്ത്രി പറഞ്ഞു. കേരളത്തെ ബാധിച്ച മഹാപ്രളയത്തില്‍ തകര്‍ന്ന പമ്പയും പരിസര പ്രദേശങ്ങളും വാഗ്ദാനം ചെയ്തപോലെ രണ്ടു മാസം കൊണ്ട് നവീകരിച്ച ടാറ്റാ പ്രോജക്ട്‌സ്  ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സത്യനാരായണ, രമേശ് കൃഷ്ണ, റാവു,ഭാനുപ്രസാദ് എന്നിവരെ  ചടങ്ങില്‍ മന്ത്രി ആദരിച്ചു. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു.   ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബോര്‍ഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍, സ്‌പെഷല്‍ കമ്മീഷണര്‍ എം.മനോജ്,  മുന്‍ സുപ്രിം കോടതി ജഡ്ജി അരിജിത് പസായത്,  ഹൈക്കോടതി നിരീക്ഷക സമിതിയംഗങ്ങളായ ജസ്റ്റിസ്  പി.ആര്‍.രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ വി. ശങ്കരന്‍ പോറ്റി  തുടങ്ങിയവര്‍  പ്രസംഗിച്ചു. തമിഴ് നടന്‍ ജയം രവിയും ചടങ്ങില്‍  പങ്കെടുത്തു.