ഉദയാസ്തമന പൂജയും പടിപൂജയും കഴിഞ്ഞ് 19ന് രാത്രി 9.30ന് ഹരിവരാസനം പാടി നടയടച്ചതോടെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയായി. തുടര്‍ന്ന് മാളികപ്പുറത്ത് ഗുരുതിയും നടന്നു.
ജനുവരി 20ന് ദര്‍ശനം പന്തളം രാജപ്രതിനിധിയ്ക്ക് മാത്രമായിരുന്നു. രാവിലെ അഞ്ചിന് നട തുറന്നു. ഗണപതി ഹോമത്തിന് ശേഷം 6.30ന് പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാള്‍ രാഘവവര്‍മ്മ ദര്‍ശനം നടത്തി. മേല്‍ശാന്തി നടയടച്ച് രാജപ്രതിനിധിക്ക് താക്കോല്‍ കൈമാറി. രാജപ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി കിഴിപ്പണം മാനേജരെയും താക്കോല്‍ മേല്‍ശാന്തിയേയും ഏല്‍പ്പിച്ചു. പതിനെട്ടാംപടിയ്ക്ക് താഴെവെച്ചാണ് ഈ ചടങ്ങ് നടന്നത്. ഇതിന് മുന്നോടിയായി തിരുവാഭരണങ്ങള്‍ കാല്‍നടയായി പന്തളം കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. ആയിരക്കണക്കിന് ഭക്തരുടെ ശരണംവിളിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിന് കൊടിയിറങ്ങി.