തിരുവല്ല താലൂക്കുതല പ്രളയദുരിതാശ്വാസ ധനസഹായ വിതരണത്തിന്റെയും, വിവിധ പഞ്ചായത്തുകളിലായി നാശനഷ്ടമുണ്ടായ 2717 ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണത്തിന്റേയും ഉദ്ഘാടനം മാത്യു.ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. താലൂക്കില്‍ 11,387 വീടുകളാണ് പ്രളയത്തില്‍ ഭാഗികമായി തകര്‍ന്നത്. കേരള പുനര്‍നിര്‍മാണത്തില്‍ എല്ലാ വകുപ്പുകളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കേരള ആപ്പില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നാശനഷ്ടത്തിന്റെ അളവനുസരിച്ച് സര്‍ക്കാര്‍തലത്തില്‍ നിശ്ചയിച്ച നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ തഹസീല്‍ദാര്‍ ശോഭനാചന്ദ്രന്‍ യോഗത്തില്‍ വിശദീകരിച്ചു. പൂര്‍ണമായി വീട് നഷ്ടപ്പെട്ടവരുടെ ഭവന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്നും തഹസീല്‍ദാര്‍ അറിയിച്ചു. തിരുവല്ല നഗരസഭാധ്യക്ഷന്‍ ചെറിയാന്‍ പോളച്ചിറയ്ക്കലിന്റെ അധ്യക്ഷതയില്‍ തിരുവല്ല സത്രം ഹാളില്‍ നടന്ന യോഗത്തില്‍ പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചാത്തങ്കേരി, കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് ആര്‍ കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ പ്രസാദ്, ഷിബു വര്‍ഗീസ്, മോന്‍സി കിഴക്കേടത്ത്, എല്‍സി ക്രിസ്റ്റഫര്‍, അനസൂയാദേവി, എലിസബേത്ത് മാത്യു, ഗീതാ അനില്‍കുമാര്‍, സുനില്‍കുമാര്‍, ഏലിയാമ്മ തോമസ്, ഫ്രാന്‍സിസ് വി ആന്റണി, രതീഷ്‌കുമാര്‍, സാം ഈപ്പന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.എം മുരളീധരന്‍പിള്ള, ജയകുമാര്‍, പ്രതാപചന്ദ്രവര്‍മ എന്നിവര്‍ സംസാരിച്ചു.