നിയമനങ്ങൾ, മാറ്റങ്ങൾ

വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ജനുവരി 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകൾ തുടർന്നും വി. വേണു നിർവഹിക്കും.

ആസൂത്രണ-സാമ്പത്തിക കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ വനം, വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകും. പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നിലവിലുള്ള ചുമതലകൾക്ക് പുറമെ പൊതുഭരണവകുപ്പിന്റെ അധിക ചുമതല നൽകും.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് ഊർജം, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതലകൾ നൽകാൻ തീരുമാനിച്ചു.

മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എക്‌സ്. അനിൽ വിരമിക്കുന്ന മുറയ്ക്ക് അദ്ദേഹം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ സിങ്ങിന് അധിക ചുമതലകളായി നൽകും.

ഹയർസെക്കന്ററി വിദ്യാഭ്യാസ ഡയറക്ടർ ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ പൊതുഭരണം (എ.ഐ.എസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല ഇദ്ദേഹം വഹിക്കും.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലികിന് ആസൂത്രണ സാമ്പത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു ഡയറക്ടർ എന്നീ വകുപ്പുകളുടെ അധിക ചുമതലകൾ നൽകാൻ തീരുമാനിച്ചു.

പത്തനംതിട്ട എ.ഡി.എം വി.ആർ. പ്രേംകുമാറിനെ ഹയർസെക്കന്ററി ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. അസാപ് സി.ഇ.ഒയുടെ അധിക ചുമതല തുടർന്നും അദ്ദേഹം വഹിക്കും.

കെ.എസ്.ആർ.ടി.സി. മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന ടോമിൻ ജെ തച്ചങ്കരിക്കു പകരം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനെ മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

തസ്തികകൾ

2015-16 അധ്യയനവർഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയർസെക്കന്ററി സ്‌കൂളുകളിലും ബാച്ചുകളിലുമായി 662 തസ്തികകൾ സൃഷ്ടിക്കാനും 116 തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു. ധനകാര്യവകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായാണ് തസ്തികകൾ സൃഷ്ടിക്കുക. പുതിയ തസ്തികകളിൽ 258 എണ്ണം ഹയർസെക്കന്ററി സ്‌കൂൾ ടീച്ചർ (ജൂനിയർ) ആണ്. 2019-20 അധ്യയന വർഷം മുതലാണ് തസ്തികകൾ സൃഷ്ടിക്കുക.

സംസ്ഥാനത്തെ പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ 195 അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കേരള സർവകലാശാലയിലെ കമ്പ്യൂട്ടേഷണൽ ബയോളജി ആന്റ് ബയോ ഇൻഫർമാറ്റിക്‌സ് പഠന വകുപ്പിൽ 7 അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു.

ഒ.ഡി.ഇ.പി.സി മാനേജിംഗ് ഡയറക്ടറായി കെ.എ. അനൂപിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചു.

ഔട്ടർ റിങ്ങ് റോഡ്

വിഴിഞ്ഞത്തു നിന്ന് പാരിപ്പള്ളി വരെ 80 കി.മീ നീളത്തിൽ 70 മീറ്റർ വീതിയുള്ള ഔട്ടർ റിങ്ങ് റോഡ് ദേശീയപാത അതോറിറ്റി വഴി നിർമിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ തീരുമാനിച്ചു. റോഡു നിർമാണത്തിന്റെ മുഴുവൻ ചെലവും സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം ചെലവും ദേശീയപാത അതോറിറ്റി വഹിക്കണമെന്ന വ്യവസ്ഥയിൽ ധനവകുപ്പിന്റെ കണ്ടെത്തലുകൾക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുക. ഈ റോഡിൽ നിന്ന് മംഗലപുരത്തേക്ക് ലിങ്ക് ഉണ്ടാകും.

ചികിത്സാ സഹായം

2018 ആഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ അഖിലയ്ക്ക് (പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്ക് അളവുശേരി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ചികിത്സാ സഹായമായി 5.29 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. നേരത്തെ അനുവദിച്ച ഏഴു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഈ സഹായം.

7 സ്റ്റീൽ നടപ്പാലങ്ങൾ

വടകര-മാഹി കനാലിന്റെ മൂഴിക്കലിനും തുരുത്തിക്കും ഇടയിലുള്ള 17 കി.മീറ്റർ ഭാഗത്ത് ദേശീയ ജലപാത നിലവാരത്തിൽ 7 സ്റ്റീൽ നടപ്പാലങ്ങൾ 8.68 കോടി രൂപ ചെലവിൽ നിർമിക്കുന്നതിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ ഹോംഗാർഡുമാരുടെ ദിവസവേതനം 750 രൂപയായി (പ്രതിമാസം പരമാവധി 21,000 രൂപ) ഉയർത്താൻ തീരുമാനിച്ചു.

സംസ്ഥാനത്തെ പ്ലാന്റേഷൻ ടാക്‌സ് ഒഴിവാക്കുന്നതിന് 1960-ലെ കേരള തോട്ടം ഭൂമി നികുതി ആക്ട് റദ്ദാക്കുന്നതിന് നിയമം കൊണ്ടുവരാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച കേരള തോട്ടം ഭൂമി നികുതി (റദ്ദാക്കൽ) ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.

മാലിന്യ സംസ്‌കരണ പ്ലാന്റ്

മൂന്നാറിൽ കണ്ണൻ ദേവൻ ഹിൽസ് പ്രൈവറ്റ് ലിമിറ്റഡ് വിട്ടു നൽകുന്ന ഭൂമിയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് (വേസ്റ്റ് ടു എനർജി) അനുമതി നൽകാൻ തീരുമാനിച്ചു. ഇതിനായി മൂന്നാർ, ദേവികുളം ഗ്രാപഞ്ചായത്തുകളും എ.ജി.ഡോട്ടേഴ്‌സ് വേസ്റ്റ് പ്രോസസ്സിങ്ങ് പ്രൈവറ്റ് ലിമിറ്റഡും കണ്ണൻ ദേവൻ കമ്പനിയും തമ്മിൽ ത്രികക്ഷി കരാർ ഒപ്പിടുന്നതിന് അനുമതി നൽകാനും തീരുമാനിച്ചു.