ഈ മാസം 11 മുതല്‍ 15 വരെ ആരോഗ്യസംരക്ഷണയാത്ര നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇന്റര്‍സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു. അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി പള്‍സ് പോളിയോ ക്യാമ്പ് മാര്‍ച്ച് 10 ന് ജില്ലയില്‍ സംഘടിപ്പിക്കും. ജില്ലയില്‍ ഇനിയും നടത്തേണ്ട ആരോഗ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ജില്ലയിലെ രോഗനിരീക്ഷണവും സ്ഥിതിവിവരക്കണക്കുകളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിക്കാനും, വിവിധ തലങ്ങളിലുള്ള ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും മരുന്നുകളുടേയും ജീവനക്കാരുടേയും ലബോറട്ടറി സൗകര്യങ്ങള്‍ തുടങ്ങിയവ സാഹചര്യങ്ങള്‍ ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.  പ്രളയാനന്തരം ജില്ലയില്‍ ബാധിച്ച പകര്‍ച്ചവ്യാധികളെ കുറിച്ചും, കഴിഞ്ഞ വര്‍ഷമുണ്ടായ രോഗങ്ങളെക്കുറിച്ചും രോഗനിയന്ത്രണത്തിനായി ജില്ലാതലത്തില്‍ ഓരോ വകുപ്പുദ്യോഗസ്ഥരും ചെയ്യേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. 2016നെ അപേക്ഷിച്ച് 2018ല്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരുടെ എണ്ണം ജില്ലയില്‍ കുറവാണ്. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനിയും എലിപ്പനിയുമാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളെയും രോഗപ്രതിരോധത്തിനായി ചുമതലപ്പെടുത്തും. ആശുപത്രികളും പരിസരവും ശുചീകരിക്കുന്നതിനും കൊതുകുവിമുക്തമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം പി.ടി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.എം.ഒ ഡോ.എ.എല്‍ ഷീജ, ഡി.പി.എം ഡോ.എബി സുഷന്‍,  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.സി.എസ് നന്ദിനി, ഡോ.നിരണ്‍ ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.