മത്സ്യത്തൊഴിലാളി-കര്‍ഷകര്‍ക്ക് ധനസഹായം വിതരണം
സംസ്ഥാനത്ത് മത്സ്യോത്പാദനം മൂന്നിരട്ടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ      പറഞ്ഞു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പ്രളയത്തില്‍     ജീവനോപാധി നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷകര്‍ക്കുള്ള   ഫിഷറീസ് വകുപ്പിന്റെ ധനസഹായ വിതരണോദ്ഘാടനം തേവള്ളി മത്സ്യകര്‍ഷക അവബോധ കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉള്‍നാടന്‍ മത്സ്യമേഖലയില്‍ 9.5 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി. ജില്ലയിലെ നാലു ഹാച്ചറികളില്‍ നിന്ന് 2,50,000 ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളും 43,50,000 ചെമ്മീന്‍ കുഞ്ഞുങ്ങളും ഉത്പാദിപ്പിച്ചു. 4.97 കോടി രൂപ കുളത്തൂപ്പുഴ, കണത്താര്‍കുന്നം ഹാച്ചറികള്‍ക്കായി നല്‍കി. രണ്ടാം ഘട്ടത്തില്‍ 9.50 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.
മത്സ്യോത്പാദന വര്‍ധനയ്ക്കായി നൂതന പദ്ധതികളാണ് നടപ്പിലാക്കുന്നത്.   ഇതുവഴി ഓരുജലകൃഷിയില്‍ നിന്ന് 380 ടണ്ണും ശുദ്ധജലകൃഷിയില്‍ നിന്ന് 3766 ടണ്‍ മത്സ്യോത്പാദനവും നടത്താനായി. ഇതേ പദ്ധതികള്‍ വഴി മൂന്ന് കോടി രൂപയും 40 ശതമാനം സബ്‌സിഡിയും അനുവദിക്കും.
ഉപയോഗശൂന്യമായ ജലാശയങ്ങളെല്ലാം നവീകരിച്ച് മത്സ്യകൃഷിക്ക് പ്രയോജനപ്പെടുത്തുകയാണ്. മുറ്റത്തൊരു മീന്‍തോട്ടം, ഓപ്പണ്‍ വാട്ടര്‍ റാഞ്ചിംഗ്, കൂടുമത്സ്യകൃഷി എന്നിവയാണ് വ്യാപിപ്പിക്കുന്നത്. ജില്ലയ്ക്ക് മാത്രമായി 700 കൂടുകൃഷി യൂണിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്.
ജില്ലയില്‍ പ്രളയവുമായി ബന്ധപ്പെട്ട് 98.88 ഹെക്ടര്‍ കൃഷിയിടങ്ങളില്‍        നാശനഷ്ടം സംഭവിച്ച 177 കര്‍ഷകര്‍ക്ക് 11.78 ലക്ഷം രൂപയും കൃഷിനാശം സംഭവിച്ച മറ്റു 68 കര്‍ഷകര്‍ക്ക് ജീവനോപാധി പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി 39.31   ലക്ഷം രൂപയും അനുവദിച്ചതായും മന്ത്രി വ്യക്തമക്കി. തുടര്‍ന്ന് മത്സ്യത്തൊഴിലാളി- കര്‍ഷകര്‍ക്കുള്ള ധനസഹായം മന്ത്രി വിതരണം ചെയ്തു.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. പ്രളയം വിതച്ച നാശം ലഘൂകരിക്കാനായി നഷ്ടമുണ്ടായ ഓരോരുത്തര്‍ക്കും സഹായം നല്‍കുകയാണ് സര്‍ക്കാര്‍ എന്ന് അദ്ദേഹം പറഞ്ഞു.
മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലിം, അസിസ്റ്റന്റ് ഡയറക്ടര്‍ സോഫിയ മാര്‍ഗററ്റ് ജോസഫ്, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ എം. അനിരുദ്ധന്‍, രാജീവന്‍, ബിജു ലൂക്കോസ്, നെയ്ത്തില്‍ വിന്‍സന്റ്, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.