മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്രാവബോധം വളർത്തുന്നതിന് സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ധന സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തുന്ന ‘ശാസ്ത്രബോധിനി’ പ്രോജക്റ്റിന്റെ അവസാന ഭാഗമായ എം.ആർ.എസ് ശാസ്ത്രമേളയ്ക്ക് തിരുവനന്തപുരം നാലാഞ്ചിറയിലെ മാർ ഗ്രിഗോറിയസ് റിന്യുവൽ സെന്ററിൽ തുടക്കമായി. ശാസ്ത്രമേളയുടെ ഉദ്ഘാടനം പട്ടികവർഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി. ശശീന്ദ്രൻ നിർവഹിച്ചു.
 എം.ആർ.എസ് സ്‌കൂളുകളിൽ നിന്നായി 150 കുട്ടികളും 50 അദ്ധ്യാപകരും മേളയിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസത്തെ മേളയിൽ 58 ശാസ്ത്ര പ്രബന്ധങ്ങൾ കുട്ടികൾ അവതരിപ്പിക്കും. കുട്ടികൾക്കായി ക്വിസ് പ്രോഗ്രാം, മൃഗശാല, മ്യൂസിയം, പ്ലാനറ്റോറിയം സന്ദർശനം എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ചടങ്ങിൽ ഗവ. വിമൺസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. സി. പി. അരവിന്ദാക്ഷൻ, ഡോ. എസ്. പ്രദീപ്കുമാർ, ഡോ. അനിൽകുമാർ ഇ. എസ്., ഡോ. ആർ പ്രകാശ്കുമാർ, ഡോ. സി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.