ഒരുക്കങ്ങള്‍ വിലയിരുത്തി  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര ഉത്സവ മഹാമഹത്തിനു മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നതതല അവലോകന യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. പൊങ്കാല മഹോത്സവത്തിന് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനും ഉല്‍സവ ദിവസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തിന് സമാനമായി തിരു: നഗരസഭ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളേയും ഉത്സവമേഖലയായി പ്രഖ്യാപിക്കാനും തീരുമാനിച്ചു. ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന PWD,നഗരസഭാ റോഡുകളുടെ ടാറിംഗും മറ്റ് അറ്റകുറ്റപണികളും അടിയന്തിരമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. അന്നദാനം നടക്കുന്ന മാര്‍ച്ച് 13 മുതല്‍ മാര്‍ച്ച് 17 വരെ, പ്രതിദിനം കാല്‍ ലക്ഷം ലിറ്റര്‍ വെള്ളം വാട്ടര്‍ അതോറിറ്റി ലഭ്യമാക്കും. കൂടാതെ പൊങ്കാലയുടെ തലേ ദിവസം മുതല്‍ 10 ലക്ഷം ലിറ്റര്‍ വെള്ളം പൊങ്കാലയ്ക്ക് സൗജന്യമായി ലഭ്യമാക്കും. കഴിഞ്ഞ കാലങ്ങളിലെ പോലെ ക്ഷേത്ര പരിസരത്തുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും 50 പൈപ്പ് കണക്ഷനുകള്‍ അധികമായി സ്ഥാപിക്കും.

പുറത്തെഴുന്നെള്ളത്ത് നടക്കുന്ന മാര്‍ച്ച് 17, 18 തീയതികളിലും, പൊങ്കാല ദിവസമായ മാര്‍ച്ച് 19 നും സായുധ പോലീസിനേയും കൂടുതല്‍ വനിതാപോലീസ് ഉദ്ദ്യോഗസ്ഥരേയും നിയോഗിക്കുകയും ക്ഷേത്രത്തിന് മുന്‍വശം പോലീസ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കുകയും ചെയ്യും. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 50 ഓളം സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കും. ഇതിനു പുറമേ ബൈപ്പാസ് റോഡ്,മാര്‍ക്കററിംഗ് കോംപ്ലക്‌സ്, പമ്പ് ഹൗസ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുവാനും ഹൈവേയിലും,മാര്‍ക്കററിംഗ് കോംപ്ലക്‌സിലും, മറ്റ് സര്‍വ്വീസ് റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുവാനും നിര്‍ദേശം നല്‍കി. ആരോഗ്യ ശുചീകരണ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാനും കൂടാതെ ആംബുലന്‍സുകളുടെ സേവനവും ഉത്സവ ദിവസം മെഡിക്കല്‍ ക്യാമ്പും അനുവദിക്കുവാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കെ.എസ്.ആര്‍.ടി.സിയുടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ക്ഷേത്രപരിസരത്ത് സ്ഥാപിക്കുവാനും ഉത്സവ ദിവസങ്ങില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും, സമീപ ജില്ലകളിലെ എല്ലാ ഡിപ്പോകളില്‍ നിന്നും കുടുതല്‍ ബസ് സര്‍വ്വീസുകള്‍ അനുവദിക്കുവാനുമുള്ള നടപടികള്‍ സ്വീകരിക്കും. ഉത്സവദിവസങ്ങളിലെ ജനപങ്കാളിത്തവും തിരക്കും പരിഗണിച്ചു ചെയിന്‍ സര്‍വീസുകള്‍ക്കായി 200 ബസ് എങ്കിലും അനുവദിക്കുവാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.

ഉത്സവദിവസങ്ങളില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡ്‌പോസ്റ്റ് ക്ഷേത്രപരിസരത്ത് കെ.എസ്.ഇ.ബി അനുവദിക്കും. ഉത്സവ മേഖലയില്‍ സ്ട്രീററ് ലൈറ്റുകള്‍ സ്ഥാപിക്കുവാനും രഥം കടന്നു പോകുന്ന വീഥികളിലെ ലൈന്‍ കമ്പികള്‍ ഉയര്‍ത്തുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും പ്രസ്തുത ദിവസങ്ങളില്‍ ആവശ്യമായ നാദവും ദീപാലങ്കാരങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് ക്ഷേത്ര പരിസരത്ത് ഒരു താല്ക്കാലിക കണക്ഷന്‍ അനുവദിച്ചു നല്‍കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉത്സവവുമായി ബന്ധപ്പെട്ട വൈദ്യുതിയുടെ അധിക ഉപഭോഗം മുന്നില്‍ കണ്ടു താല്‍കാലികമായി ട്രാന്‍സ്ഫോര്‍മറും സ്ഥാപിക്കും. ഉത്സവദിവസങ്ങളില്‍ സൗജന്യ ഫയര്‍ ഫോഴ്‌സ് സംവിധാനം അനുവദിക്കുവാനും അന്നദാനം നടക്കുന്ന ദിവസങ്ങളിലും പൊങ്കാലക്കും സൗജന്യമായി ടാങ്കര്‍ വെള്ളം അനുവദിക്കുവാനുമുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്  നല്‍കി.

മാര്‍ച്ച് 18, 19 തീയതികളില്‍ എല്ലാ പ്രധാന ട്രെയിനുകളും കൊച്ചു വേളി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുവാന്‍ റെയില്‍വേയെ അറിയിക്കാന്‍ തീരുമാനിച്ചു. ഉത്സവ ദിവസങ്ങളിലും, പൊങ്കാല ദിവസവും ക്ഷേത്ര പരിസരം ശുചീകരിക്കുവാന്‍ 200 ഓളം താല്‍കാലിക ജീവനക്കാരെ നിയോഗിക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. പൊങ്കാലയ്ക്ക് വേണ്ടി ശുദ്ധജലം ശേഖരിക്കുവാന്‍ കോര്‍പ്പറേഷനില്‍ നിന്നും വാട്ടര്‍ ടാങ്കുകള്‍ അനുവദിക്കും. കൂടാതെ പൊങ്കാല ദിവസം ക്ഷേത്ര പരിസരങ്ങളില്‍ കോര്‍പ്പറേഷന്റെ മൊബൈല്‍ ടോയിലറ്റ് സംവിധാനം ഒരുക്കും. പൊങ്കാലയ്ക്ക് വേണ്ടി ശുദ്ധജലം ശേഖരിക്കുവാന്‍ തിരുവനന്തപുരം,നെടുമങ്ങാട്, നെയ്യാററിന്‍കര എന്നി താലൂക്ക് ഓഫീസില്‍ നിന്നും വാട്ടര്‍ ടാങ്കുകള്‍ ലഭ്യമാക്കുവാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഉത്സവ ദിവസങ്ങളില്‍ ഹൈവേയുമായി ബന്ധിപ്പിച്ച് പാര്‍വ്വതി പുത്തനാറിന് കുറുകെ താല്ക്കാലിക നടപ്പാത 2 എണ്ണം നിര്‍മ്മിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കും.

പൊങ്കാലയോട് അനുബന്ധിച്ച് സപ്ലെകോയുടെ മൊബൈല്‍ വാഹന സര്‍വ്വീസ് ക്ഷേത്രപരിസരത്ത് ലഭ്യമാക്കും. ഉത്സവ ദിവസങ്ങളില്‍ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ ക്ഷേത്ര പരിസരത്ത് നടപ്പിലാക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.