ഗ്രാമീണ മേഖലയില്‍ യുവജനങ്ങളുടെ തൊഴില്‍ നൈപുണ്യശേഷി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന തൊഴില്‍ നൈപുണ്യ വികസന വകുപ്പിന്റെ സഹകരണത്തോടെ ചിത്തിരപുരത്ത് പുതിയ ഐ ടി ഐ പ്രവര്‍ത്തനം ആരംഭിച്ചു. ചിത്തിരുപുരം സര്‍ക്കാര്‍ ഐ റ്റി ഐ യുടെ ഉദ്ഘാടനം തൊഴില്‍, നൈപുണ്യം, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ഒരു വര്‍ഷം എഴുപത്തിയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഐ ടി ഐ  പഠനം കഴിഞ്ഞിറങ്ങുന്നു.  ആധുനിക തൊഴില്‍ മേഖലയിലേക്ക് കടന്നു ചെല്ലാന്‍ കഴിയുന്ന രീതിയില്‍ ചിത്തിരപുരം ഐ ടി ഐയില്‍  മികച്ച പരിശീലനം ഒരുക്കാന്‍വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ചിത്തിരപുരം ഐ ടിഐ യില്‍ ഡി/സിവില്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളിലായി 2 യൂണിറ്റ് വീതമാണ് അനുവദിച്ചിട്ടുള്ളത്. ഉദ്ഘാടന സമ്മേളനത്തില്‍ വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു. അഡ്മിഷ്ന്‍ നടപടികള്‍ വേഗത്തിലാക്കി ക്ലാസുകള്‍ അതിവേഗത്തില്‍ തുടങ്ങണമെന്ന് അധ്യാപകരോട് മന്ത്രി നിര്‍ദ്ദേശിച്ചു. ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍,  പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണന്‍, ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി തോമസ്, ഐ ടി ഐ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സന്തോഷ് കുമാര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.