വേളി ടൂറിസ്റ്റ് വില്ലേജിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന 34 കോടി രൂപയുടെ വികസന പദ്ധതിക്കു തുടക്കമായി. ടൂറിസ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു. വേളിയിലും പരിസര പ്രദേശങ്ങളിലും വൻ വികസന സാധ്യത തുറക്കുന്ന പദ്ധതികൾക്കാണ് ടൂറിസം വകുപ്പ് തുടക്കംകുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവൻഷൻ സെന്റർ, മൾട്ടിപർപ്പസ് കോംപ്ലക്‌സ്, മിനിയേച്ചർ റെയിൽവേ, ഇക്കോപാർക്ക്, അർബൻ പാർക്ക് തുടങ്ങിയ വികസന പദ്ധതികളാണ് വേളി ടൂറിസ്റ്റ് വില്ലേജിൽ നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 125 കോടിയുടെ വികസനമാണ് കഴിഞ്ഞ 1000 ദിവസങ്ങൾക്കിടെ ടൂറിസം വകുപ്പ് കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. വേളി ടൂറിസ്റ്റ് വില്ലേജിന്റെ മുഖഛായതന്നെ മാറ്റി അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം കേന്ദ്രമായി മാറ്റാനുള്ള മാസ്റ്റർപ്ലാനിന്റെ ഭാഗമായാണ് 34 കോടി രൂപയുടെ പദ്ധതികൾക്കു തുടക്കംകുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വേളിയിലെ ഫ്‌ളോട്ടിങ് റസ്റ്ററന്റിന്റെ നിർമാണം താമസമില്ലാതെ പൂർത്തിയാക്കാൻ കെ.ടി.ഡി.സിക്ക് മന്ത്രി നിർദേശം നൽകി.
ടൂറിസ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടർ ആർ. രാഹുൽ, കൗൺസിലർ മേരി ലില്ലി തുടങ്ങിയവർ പങ്കെടുത്തു.