കാക്കനാട്: ജില്ലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനും ജലസംരക്ഷണം ഉറപ്പാക്കുന്നതിനും ജലസമൃദ്ധി 2019 ല്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ച ‘ഈ വര്‍ഷം 200 പുതിയ കുളങ്ങള്‍’ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ആലാട്ടുചിറയില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഹരിത കേരളം മിഷന്‍, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത് .

പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ടവര്‍, ദാരിദ്യരേഖക്കു താഴെയുള്ളവര്‍, അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ എന്നിവര്‍ക്ക് അവരുടെ വസ്തുവില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കുളം നിര്‍മിച്ചു നല്‍കുന്നതാണ് പദ്ധതി. ഭൂമിയുടെ ലഭ്യതക്കും കിടപ്പിനുമനുസൃതമായി എത്ര വിസ്തൃതിയിലുള്ള കുളവും നിര്‍മിച്ചു നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് ഗ്രാമപഞ്ചായത്തിലോ ബ്ലോക്ക് പഞ്ചായത്തിലോ പേര് രജിസ്റ്റര്‍ ചെയ്യാം.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അധ്യക്ഷത വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രോജക്ട് ഡയറക്ടര്‍ കെ.ജി.തിലകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജാന്‍സി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി .വര്‍ഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജലസമൃദ്ധി 2018 ന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച ‘മഴയെത്തും മുന്‍പേ 123 കുളങ്ങള്‍’ പദ്ധതിക്കും ജില്ലാ കളക്ടര്‍ നടപ്പാക്കിയ ജലസംരക്ഷണ പ്രവൃത്തികള്‍ക്കും കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ എറണാകുളം ജില്ല രണ്ടാം സ്ഥാനത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു.

ക്യാപ്ഷന്‍: ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ‘ഈ വര്‍ഷം 200 പുതിയ കുളങ്ങള്‍’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറയില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍വ്വഹിക്കുന്നു