ഹരിതകേരളം വാര്‍ഷികത്തോടനുബന്ധിച്ച് മാനവീയം വീഥിയില്‍ സംഘടിപ്പിക്കുന്ന ‘ഹരിതം 2017’ പ്രദര്‍ശനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തന നാള്‍വഴിയുടെ ഫോട്ടോപ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് പ്രചോദകമാവുന്നു. ഹരിതകേരളം മിഷന്റെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട മുഹൂര്‍ത്തങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
    കഴിഞ്ഞവര്‍ഷം തിരുവനന്തപുരം കൊല്ലയില്‍ പഞ്ചായത്തിലെ കുളത്തറ പാടശേഖരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.ജെ. യേശുദാസ്, മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആഘോഷപൂര്‍വം നടന്ന ഉദ്ഘാടനച്ചടങ്ങു മുതല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള ഹരിതകേരള മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രങ്ങളില്‍ അനുഭവിക്കാം.
    മലിനപ്പെട്ടും വറ്റിവരണ്ടും നശിച്ചുപോയ നീരുറവകളെയും ജലാശയങ്ങളെയും പുനരുജ്ജീവിപ്പിച്ചും വയലേലകള്‍ പച്ചയുടുപ്പിച്ചും തരിശിടങ്ങളിലും തെരുവോരങ്ങളിലും തണല്‍മരങ്ങളും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ചും മന്ത്രിമാര്‍ മുതല്‍ പൊതുജനങ്ങള്‍ വരെ ഇടപെട്ടു നാടെങ്ങും നടത്തിയ ഹരിതകേരളപ്രവര്‍ത്തന മുഹൂര്‍ത്തങ്ങള്‍ കാണുന്നവരുടെ ഉള്ളില്‍ തണുപ്പുളവാക്കുന്നതാണ്. വിളവിനോടൊപ്പം വൃത്തിയും എന്ന മുദ്രാവാക്യമുയര്‍ത്തി ജൈവകൃഷിയും മാലിന്യ സംസ്‌കരണവും സംബന്ധിച്ച സന്ദേശം കുഞ്ഞുങ്ങളുടെയുള്ളില്‍പോലും പകര്‍ന്നു നല്‍കുന്ന, കാര്‍ഷിക ജീവിതത്തിന്റെ അവശ്യകതയെക്കുറിച്ച് ധാരാളം സംവദിക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശത്തിലുള്ളത്. ശ്വസിക്കുന്ന വായുവിനോടും കുടിക്കുന്ന ജലത്തിനോടും കൂറു പ്രഖ്യാപിക്കണമെന്നും അതിന്റെ പരിശുദ്ധിക്കായി തന്നാലാവുന്നതു ചെയ്യണമെന്നും ഓരോ പൗരനേയും ഉദ്‌ബോധിപ്പിക്കുന്ന ചിത്രങ്ങളാണിവ.
    ഹരിത സംസ്‌കാരത്തിലേക്ക് തിരിച്ചു പോകാന്‍ കൈകോര്‍ക്കുന്ന കേരളസമൂഹത്തെ ഈ ചിത്രങ്ങളില്‍ കാണാം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ശേഖരത്തിലുള്ള ചിത്രങ്ങളാണ് ഇവയെല്ലാം. ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഹരിതകേരളം എക്‌സിക്യുട്ടിവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ നിര്‍വഹിച്ചു.