* മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി (കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്.) പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ നിര്‍മ്മിച്ച പേ വാര്‍ഡ് കെട്ടിടത്തിന്റേയും ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച എ.സി.ആര്‍. ലാബിന്റേയും ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തീകരിക്കുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കുന്ന ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സാ കേന്ദ്രമായി ഈ ആശുപത്രി മാറുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. 18 കോടിയുടെ ജെറിയാടിക് കെയര്‍ സെന്റര്‍, 35 കോടിയുടെ പാരാ സര്‍ജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, 3.2 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍, കുളം നവീകരണം, 2 കെട്ടിടങ്ങളെ ബന്ധിപ്പിച്ചിക്കുന്ന കണക്ടിംഗ് കോറിഡോര്‍, ഫിസിയോ തെറാപ്പി യൂണിറ്റ്, വിശ്രമകേന്ദ്രം യോഗ ഹാള്‍ എന്നിവയാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പഞ്ചകര്‍മ്മ ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്. പേവാര്‍ഡ് കെട്ടിടത്തില്‍ രോഗികള്‍ക്ക് കിടക്കാനായി 38 മുറികളും ചികിത്സയ്ക്കായി 6 മുറികളുമാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം സംവിധാനങ്ങളും തെറാപ്പിസ്റ്റുകളേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ.എച്ച്.ആര്‍.ഡബ്ലിയു.എസിന്റെ 13-ാമത്തെ എ.സി.ആര്‍. ലാബാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രി അങ്കണത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. അത്യാധുനികവും വിദേശ നിര്‍മ്മിതവുമായ ഉപകരണങ്ങളാണ് എ.സി.ആര്‍. ലാബില്‍ സ്ഥാപിക്കുന്നത്.

ഒ. രാജഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, കൗണ്‍സിലര്‍ ബി. വിജയലക്ഷ്മി, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ഉഷാകുമാരി, ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ലിന്‍സി കുര്യാപ്പിള്ളി, കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്. മാനേജിംഗ് ഡയറക്ടര്‍ ജി. അശോക് ലാല്‍, പഞ്ചകര്‍മ്മ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. നജുമ എന്നിവര്‍ പങ്കെടുത്തു.