* വോട്ടെടുപ്പ് ഏപ്രിൽ 23ന്,  വോട്ടെണ്ണൽ മേയ് 23ന്
* മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 26 ലക്ഷം വോട്ടർമാർ. ജില്ലയിലെ 2715 പോളിങ് സ്‌റ്റേഷനുകളിലായാണ് ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു.
തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം 26,54,470 സമ്മതിദായകർ ജില്ലയിലുണ്ട്.  ഇതിൽ 13,95,804 പേർ സ്ത്രീകളും 12,58,625 പേർ പുരുഷന്മാരും 41 പേർ ട്രാൻസ്ജെന്റേഴ്സുമാണ്. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്ന നടപടികളും പുരോഗമിക്കുന്നു.
ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലായി 2,715 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചതായും കളക്ടർ അറിയിച്ചു.
പൂർണമായും വിവിപാറ്റ് ഉപയോഗിച്ചാകും ജില്ലയിൽ വോട്ടെടുപ്പ് നടത്തുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പരിചയപ്പെടുത്തുന്നതിന് പോളിങ് കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. 1209 പോളിങ് കേന്ദ്രങ്ങളിലായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ബോധവത്കരണ പരിപാടിയും മോക് പോളിങും നടത്തിയത്. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ഐ.ഐ.എസ്.ടി, ടെക്നോപാർക്ക്, വി.എസ്.എസ്.സി, പാങ്ങോട് മിലിറ്ററി ക്യാംപ് എന്നിവിടങ്ങളിലും പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ഇതിനു പുറമേ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടം ഒരുക്കിയ വോട്ടുവണ്ടി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ജില്ലയിലെമ്പാടും പര്യടനം നടത്തും.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കു നൽകേണ്ട ആദ്യഘട്ട പരിശീലനവും ജില്ലയിൽ പൂർത്തിയായി. തെരഞ്ഞെടുപ്പ് നടത്തിപ്പിനായി 18 നോഡൽ ഓഫിസർമാരാണ് ജില്ലയിൽ പ്രവർത്തിക്കുക. ഓരോ നോഡൽ ഓഫിസർക്കു കീഴിലും പ്രത്യേക ടീം രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. വിവിധതലങ്ങളിലുള്ള പരിശീലന പരിപാടികളും നടന്നു. തെരഞ്ഞെടുപ്പ് ജോലികളുടെ ചുമതലയുള്ള സെക്ടറൽ ഓഫിസർമാരുടെ പരിശീലനം പൂർത്തിയായി. എ.ആർ.ഒ, ഇ.ആർ.ഒ. തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി.
ജില്ലയിൽ പോളിങ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുന്നതിനു നിയോഗിക്കുന്ന മാസ്റ്റർ ട്രെയ്നേഴ്സിന്റെ പരിശീലന ക്ലാസുകളും നടന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾക്കായി ജില്ലാ പൊലീസ് മേധാവിയുമായി ജില്ലാ കളക്ടർ ചർച്ച നടത്തി.