വിവിപാറ്റ് മെഷിനും തിരഞ്ഞെടുപ്പ് പ്രക്രിയയും പരിചയപ്പെടുത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവിധ തലത്തിലുള്ള ചര്‍ച്ചാവേദിയായി. വിവിധ തരത്തിലുള്ള സംശയങ്ങളും അഭിപ്രായങ്ങളുമായി ടെക്കികള്‍ എഴുന്നേറ്റപ്പോള്‍ ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള,
ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസി. കളക്ടര്‍ പ്രഞ്ജാല്‍ പാട്ടീല്‍ ലഹേന്‍ സിങ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.ഷാജഹാന്‍ എന്നിവര്‍ മറുപടിയുമായി നിരന്നു. മാതൃകാതിരഞ്ഞെടുപ്പ് പെരമാറ്റചട്ടത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് സദസില്‍ നിന്ന് ആദ്യ ചോദ്യം ഉയര്‍ന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തിട്ടുണ്ടോ എന്നായിരുന്നു ഒരു ടെക്കി തൊടുത്ത ചോദ്യം. ഉത്തരവുമായി എഴുന്നേറ്റത് പ്രഞ്ജാല്‍ പാട്ടീലാണ്. വംശീയ വിദേഷം പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ ഒരു നേതാവിനെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രസംഗിക്കുന്നത് നിരോധിച്ചതുള്‍പ്പെടെ കര്‍ശന നടപടികള്‍ എടുത്തതിന്റെ ബീഹാറിലെ നിരവധി ഉദാഹരണങ്ങള്‍ അവര്‍ സവിസ്തരം നിരത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടികള്‍ എടുക്കുമ്പേള്‍ നേതാക്കള്‍ കോടിതിയെ സമീപിക്കും. എന്നാല്‍ ഭുരിഭാഗം കേസുകളിലും കോടതികള്‍ കമ്മീഷന്‍െ നടപടികളെ ശരിവെച്ചിട്ടേയുള്ളൂ എന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കള്ളവോട്ട് തടയുന്നതിനുള്ള നടപടികള്‍, തിരഞ്ഞെടുപ്പിലെ സുതാര്യത, വിവിപാറ്റ് മെഷിന്‍ എല്ലാ ബൂത്തുകളിലും അവതരിപ്പിക്കുന്നതിന്റെ പ്രസക്തി, തിരഞ്ഞെടുപ്പിന്റെ ചരിത്രം, പോളിങ് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് പിന്നീട് ഒന്നൊന്നായി ഉയര്‍ന്നത്. എല്ലാത്തിനും മറുപടി നല്‍കി പരിപാടി അവസാനിക്കുമ്പോള്‍ ജില്ലാ കളക്ടര്‍ ഒരുറപ്പുകൂടി കൊടുത്തു. ഇന്‍ഫോപാര്‍ക്കിലെ എല്ലാ കമ്പനികളിലെയും ജീവനക്കാര്‍ക്ക് വോട്ടിങ് മെഷിനും വിവിപാറ്റ് മെഷിനും പരിചയപ്പെടുത്താനുള്ള സംവിധാനം ഒരുക്കും. വോട്ടിങ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ജില്ലാ നോഡല്‍ ഓഫീസര്‍ ബീന പി ആനന്ദ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിപാടിക്കിടയില്‍ ഉയര്‍ത്തിയ രസകരമായ ചോദ്യങ്ങള്‍ക്ക് ഉടനുടന്‍ ശരിയായ ഉത്തരങ്ങളും വന്നു. തിരഞ്ഞെടുപ്പും ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ടെക്കികളുടെ ഉള്‍ക്കാഴ്ചയും ധാരണയും വെളിപ്പെടുത്തുന്നതായിരുന്നു ഇന്‍ഫോപാര്‍ക്കിലെ അതുല്യ ഓഡിറ്റോറിയത്തിലെ പരിപാടി.