തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംശയാസ്പദമായ രീതിയിലുള്ള പണമിടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും നല്‍കണമെന്ന് ബാങ്കുകള്‍ക്ക് ജില്ലാതെരഞ്ഞടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.  കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് കാലത്തു ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം  രൂപ പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുകയാണെങ്കില്‍ അത്തരം അക്കൗണ്ടുകളുടെ വിവരം ബാങ്കുകള്‍ നല്‍കണം. സ്ഥാനാര്‍ത്ഥിയുടെയും പങ്കാളിയുടെയും  അക്കൗണ്ടില്‍നിന്നുള്ള ഒരു ലക്ഷം രൂപയില്‍ കവിഞ്ഞുളള പണമിടപാട് സംബന്ധിച്ചും,  രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള അക്കൗണ്ടുകളിലെ ഒരു ലക്ഷം രൂപയില്‍ കവിഞ്ഞുളള പണമിടപാടുകള്‍ സംബന്ധിച്ചും റിപ്പോര്‍ട്ടു നല്‍കണം. തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനായി പണമിടപാട് നടത്തിയെന്ന് സംശയമുള്ള എല്ലാ അക്കൗണ്ട് വിവരങ്ങളും, ആര്‍.ടി.ജി.എസ് വഴിയുളള സംശയാസ്പദമായ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിനും ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.