തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃതമായി പണം വിനിയോഗിക്കുന്നത് കണ്ടെത്താൻ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ. എസ്. പിയുടെ നേതൃത്വത്തിൽ പതിനാല് ടീമുകളാണ് പ്രവർത്തിക്കുക. ഒരു യൂണിറ്റിൽ 15 അംഗങ്ങളുണ്ടാവും. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ചീഫ് ഇലക്ട്രൽ ഓഫീസർക്ക് നൽകി.
രേഖകളില്ലാത്ത പണവും സ്വർണവും സംഘം പിടികൂടും. പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള പണവും മറ്റു വസ്തുക്കളും കണ്ടെത്താൻ ആദായനികുതി വകുപ്പും പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ചീഫ് ഇലക്ട്രൽ ഓഫീസർക്ക് പോലീസ് നൽകിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ അനധികൃതമായി സൂക്ഷിച്ച 5,71,26,200 രൂപ പിടികൂടിയിട്ടുണ്ട്. 1,73,11125 കോടി രൂപ വിലമതിക്കുന്ന 5799 ഗ്രാം സ്വർണവും പിടികൂടി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നാണ് റെയ്ഡ് നടത്തി പിടികൂടിയത്.
സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി എല്ലാ ദിവസവും ചീഫ് ഇലക്ട്രൽ ഓഫീസർക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. 1177 അനധികൃത ആയുധം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 7898 ആയുധ ലൈസൻസുകൾ പോലീസ കരുതലിൽ ലഭിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ 32 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുള്ള 1648 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 381 പേർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രവർത്തനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തൃപ്തി രേഖപ്പെടുത്തി.