ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമ നീരിക്ഷണത്തിനായി സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച എം സി എം സി സെല്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജം. പത്ര മാധ്യമങ്ങള്‍, ടി വി ചാനലുകള്‍, പ്രാദേശിക വാര്‍ത്താ ചാനലുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവ ഇനി മുതല്‍ എം സി എം സി സെല്ലിന്റെ സൂക്ഷമ നിരീക്ഷണത്തിലായിരിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്ന വാര്‍ത്തകളും പരസ്യങ്ങളും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്യും. ആയതിന്‍മേല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കും.
എം സി എം സി സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍ നിരീക്ഷിച്ചു. മതപരമോ എതിര്‍ സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുന്നതോ ആയ പത്രവാര്‍ത്തകളോ പരസ്യങ്ങളോ നല്‍കുന്നതില്‍ നിന്നും രാഷ്ട്രീയ കക്ഷികള്‍ വിട്ടു നില്‍ക്കണമെന്നും സമാധാനപരവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ് ശിവപ്രസാദ്, അസിസ്റ്റന്റ് എഡിറ്റര്‍ പി ആര്‍ സാബു തുടങ്ങിയവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ. നമ്പര്‍ 794/2019)
മാധ്യമങ്ങളിലെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക്
മുന്‍കൂര്‍ അനുമതി വാങ്ങണം-ജില്ലാ കലക്ടര്‍
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി(എം.സി.എം.സി) യുടെ അംഗീകാരം വാങ്ങണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍ അറിയിച്ചു.
ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്വര്‍ക്കുകള്‍, സ്വകാര്യ എഫ് എം റേഡിയോകള്‍, സിനിമാ ശാലകള്‍, പൊതുസ്ഥലങ്ങളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും ഓഡിയോ വിഷ്വല്‍ ഡിസ്പ്ലേകള്‍, ബള്‍ക്ക് എസ് എം എസുകള്‍, വോയ്സ് മെസേജുകള്‍, ഇ-പേപ്പറുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാണ്.
പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും ടെലികാസ്റ്റ് ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും പരസ്യം കലക്‌ട്രേറ്റിലെ എം സി എം സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ടെലികാസ്റ്റിന് ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം.
പരസ്യത്തിന്റെ ഇലക്‌ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്,  ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡി ഡി യായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.
ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എം സി എം സി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ടി വി ചാനലുകളിലെയും കേബിള്‍ ചാനലുകളിലെയും പരസ്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ ബള്‍ക്ക് എസ് എം എസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും  ബാധകമായിരിക്കും.
അച്ചടി മാധ്യമങ്ങളില്‍  സ്ഥാനാര്‍ഥിയുടെ  അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥിയുടെ അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും  ഉണ്ടായിരിക്കണം.
അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി  കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനം അറിയിക്കും. നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്.  ജില്ലാതല എം സി എം സി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ അപേക്ഷകര്‍ക്ക് സംസ്ഥാന കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാം.