ആലപ്പുഴ : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനും പ്രചാരണപ്രവർത്തനങ്ങൾക്കും പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്‌ളക്‌സ് ബോർഡ് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ ഉപയോഗിക്കുന്നത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടൺ തുണി പ്രിൻറ് ചെയ്ത ബോർഡുകൾ, കോട്ടൺ തുണിയിൽ എഴുതിത്തയ്യാറാക്കിയ ബോർഡുകൾ, കോട്ടൺ തുണിയും പേപ്പറും ഉൾപ്പെടുന്ന മാധ്യമം ഉപയോഗിച്ച് പ്രിൻറ് ചെയ്യുന്ന ബോർഡുകൾ എന്നിവ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചും ആകർഷകമായ രീതിയിൽ ബോർഡുകളും പ്രചരണ സാമഗ്രികളും ഉണ്ടാക്കാവുന്നതാണ്. അനുമതിയുള്ള സ്ഥലങ്ങളിൽ ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കാം.
കൊടികളും തോരണങ്ങളും തുണിയിലോ പേപ്പറിലോ നിർമ്മിക്കാവുന്നതാണ്. കൊടികൾ പൊതുവേ തുണികളിലാണെങ്കിലും പ്ലാസ്റ്റിക് കലർന്ന തുണി ഒഴിവാക്കി കോട്ടൺ തുണികൾ മതിയെന്നാണ് തീരുമാനം. തോരണങ്ങൾ പേപ്പറിലോ കോട്ടൺ തുണിയിലോ ആകാവുന്നതാണ്.സ്ഥാനാർഥികളുടെ പര്യടനം സമയത്തും ഭവന സന്ദർശന സമയത്തും സ്‌ക്വാഡുകൾ പ്ലാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കി സ്റ്റീൽ ബോട്ടിലുകളിൽ വെള്ളം കരുതേണ്ടതാണ്. പര്യടനത്തിന് ഉപയോഗിക്കുന്ന വാഹനത്തിൽ വാട്ടർ ഡിസ്പൻസറും സ്റ്റീൽ കപ്പും കൂടി കരുതേണ്ടതാണ്. സ്ഥാനാർത്ഥികളുടെ പര്യടന വാഹനങ്ങൾ അലങ്കരിക്കുന്നത്തിന് പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണമായും ഒഴിവാക്കി തുണിയും പേപ്പറും ഉൾപ്പെടെയുള്ള പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കുന്നതാണ്.

സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ പ്ലാസ്റ്റിക് ഹാരങ്ങൾ ഉപയോഗിക്കാൻ പാടില്ല. പൂക്കൾ ഉപയോഗിച്ചുണ്ടാക്കിയ ഹാരങ്ങൾ, കോട്ടൺ നൂൽ, തോർത്ത് തുടങ്ങിയവ പകരമായി ഉപയോഗിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ പ്രവർത്തകൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സന്ദർഭങ്ങളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് പാഴ്‌സലുകൾ, പേപ്പർ /പ്ലാസ്റ്റിക് /തെർമോകോൾ എന്നിവയിൽ നിർമ്മിതമായ ഡിസ്‌പോസിബിൾ കപ്പുകൾ പ്ലേറ്റുകൾ ഒഴിവാക്കേണ്ടതാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി അച്ചടിക്കുന്ന നോട്ടീസുകളിലെല്ലാം മുകളിലോ താഴെയോ ഹരിത സന്ദേശങ്ങൾ കൂടി ചേർക്കാൻ ശ്രദ്ധിക്കുക.

ചുവരെഴുത്തുകളിൽ ചുവരിൽ ഫ്‌ലക്‌സുകൾ ഒട്ടിക്കുന്നതും ഒപ്പം ഫോട്ടോകളുടെ ഫ്‌ലക്‌സുകൾ ഒട്ടിക്കുന്നത് നിരോധിച്ചിരിക്കുന്നു. ചുവരെഴുത്ത് എന്നാൽ ചുവരിൽ ബ്രഷ് ഉപയോഗിച്ച് ഉള്ളതു തന്നെയാവണം.പ്രചരണത്തിനായി ഉപയോഗിക്കുന്ന ആർച്ചുകൾ കോട്ടൺ തുണിയിൽ എഴുതിയ ബാനറുകളാണ് ഉപയോഗിക്കേണ്ടത്. തെർമോക്കോൾ ഉപയോഗിച്ചുള്ള അക്ഷരങ്ങൾ നിരോധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനുശേഷം ഓരോ പ്രദേശത്തും ബോർഡുകളും കൊടികളും തോരണങ്ങളുമെല്ലാം സ്ഥാപിച്ചവർ തന്നെ തിരഞ്ഞെടുപ്പിന് ശേഷം ശേഖരിച്ച് തരംതിരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങക്ക് കൈമാറേണ്ടതാണ്. തെരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലം മുതൽ തദ്ദേശ സ്ഥാപനതലം വരെ ഫെസിലിറ്റേഷൻ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ ഹരിതകേരളം മിഷനെയും, ശുചിത്വമിഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മിഷനുകളുടെ ഓഫീസുമായി ബന്ധപ്പെട്ടാൽ ഹരിതചട്ടം നടപ്പാക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി ലഭിക്കും. വിശദ വിവരങ്ങൾക്ക് : ജില്ലാ മിഷനുകളുടെ നമ്പരുകൾ – ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ . തിരുവനന്തപുരം 9188120321, 9495330575, ആലപ്പുഴ 9188120324 , 9447971317.