വോട്ടിംഗില്‍  കോട്ടയത്തെ മുന്നിലെത്തിക്കാനുളള പ്രവര്‍ത്തനങ്ങളുടെ പ്രചാരക യായ ചലച്ചിത്രനടി മിയ ജോര്‍ജ് കാമ്പസിലെ വോട്ടര്‍മാരെ നേരില്‍ കാണാനെത്തി.  യുവതലമുറയില്‍ ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും അത് പൗരന്‍മാരുടെ കടമയാണെന്നും ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മിയ  വിദ്യാര്‍ത്ഥികളോട് പറഞ്ഞു. 
തിരഞ്ഞെടുപ്പിന്‍റെ പ്രചാരകയെന്ന നിലയ്ക്ക് ജില്ലയുടെ മുഖമായി മാറാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. വോട്ട് ചെയ്യാന്‍ മടിക്കുന്നവരെ  ആ തീരുമാനത്തില്‍ നിന്ന് പിന്‍തിരിപ്പിച്ച്  100 ശതമാനം പോളിംഗ് എന്ന നേട്ടത്തിലേക്ക് കോട്ടയത്തെ എത്തിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം – മിയ പറഞ്ഞു. 
വോട്ടര്‍ ബോധവത്ക്കരണ പരിപാടിയായ സ്വീപിന്‍റെ കോട്ടയം ജില്ലയുടെ ഗുഡ് വില്‍ അംബാസിഡറായ മിയയ്ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു ഉപഹാരം സമ്മാനിച്ചു.
പൊതുവാഹനങ്ങളില്‍ പതിക്കുന്നതിന് തിരഞ്ഞെടുപ്പ് വിഭാഗം തയ്യാറാക്കിയ പ്രചരണ സ്റ്റിക്കറിന്‍റെ വിതരണോദ്ഘാടനം മിയ നിര്‍വ്വഹിച്ചു. ആര്‍ടിഒ ബാബു ജോണ്‍ സ്റ്റിക്കറുകള്‍  ഏറ്റുവാങ്ങി. 
സബ് കളക്ടര്‍ ഈഷ പ്രിയ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം. വി സുരേഷ് കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക്, മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. എം. ജെ മാത്യു, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജാന്‍സി തോമസ്, സ്വീപ് നോഡല്‍ ഓഫീസര്‍ പ്രൊഫ. അശോക് അലക്സ് ലൂക്ക്, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. തോമസ് കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.