പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷ എന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ സമഗ്ര പരിഷ്‌കരണങ്ങൾ നടപ്പാക്കുകയാണ്. ചോദ്യമാതൃകകൾ അധ്യയന വർഷാരംഭത്തിൽ തന്നെ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ പുതിയ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ ആരംഭിച്ചുകഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ 10-ാം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രചരണം ശരിയല്ല. കുട്ടികളുടെ താല്പര്യം മുൻനിർത്തി മാത്രമേ ഇതിൽ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതപഠനത്തിന് യോഗ്യത നേടുന്ന എല്ലാ കുട്ടികൾക്കും 11-ാം ക്ലാസിൽ പഠിക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ കുട്ടികളോ രക്ഷിതാക്കളോ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുട്ടികൾ പൂർണ്ണ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക. പരീക്ഷാ നടത്തിപ്പും അതിന്റെ മുന്നൊരുക്കങ്ങളും ചോദ്യപ്പേപ്പർ ഉണ്ടാക്കുന്നത് അടക്കമുള്ള മറ്റ് ഉത്തരവാദിത്വങ്ങൾ എല്ലാം പരമ രഹസ്യമായാണ് നടക്കുന്നത്. ചോദ്യപ്പേപ്പർ നിർമാണത്തിന് തന്നെ നടപടിക്രമമുണ്ട്. പ്രിന്റ് ചെയ്യുന്നത് ഈ സംസ്ഥാനത്ത് പോലും അല്ല. അത്രയും ജാഗ്രതയോടെ നടത്തുന്ന പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇത്തവണത്തെ പരീക്ഷ കടുപ്പം ഏറിയാതായിരിക്കുമെന്ന് പലരും സ്വന്തമായി പ്രഖ്യാപിക്കുകയാണ്. ഇങ്ങിനെ കുട്ടികളെയും രക്ഷകർത്താക്കളെയും മാനസികമായി പേടിപ്പിക്കുകയാണ്. പോലീസും വിദ്യാഭ്യാസ വകുപ്പും വളരെ ഗൗരവമായി ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു കാരണവശാലും വിദ്യാർത്ഥികളും രക്ഷകർത്താക്കളും വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും മന്ത്രി അറിയിച്ചു.
