ആലപ്പുഴ: നീതിപൂർവവും സുതാര്യവുമായ ആയ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് ആധുനിക സാങ്കേതികവിദ്യ സമർത്ഥമായി ഉപയോഗിക്കാൻ നിർദ്ദേശിച്ച് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ. ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ ചെലവ് നിരീക്ഷകരായ സന്തോഷ് കുമാർ, ഡോ.അനൂപ് ബിശ്വാസ് എന്നിവർ് ഇന്നലെ കളക്ട്രേറ്റിൽ വിളിച്ചുകൂട്ടിയ ജില്ലയിലെ അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റൻറ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർമാർ, തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാർ എന്നിവരുടെ യോഗത്തിൽ സംസാരിക്കവെയാണ് ഇത് വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജിൽ ആപ്പ് വഴി അപ്പോൾ തന്നെ പരിഹാരം തേടാം. കൂടാതെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കുണ്ട്. പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുന്ന പോസ്റ്ററുകളും മറ്റും നീക്കം ചെയ്യുമ്പോഴും അനധികൃത പണം പിടിച്ചെടുക്കുമ്പോഴും വാഹന പരിശോധന നടത്തുമ്പോഴും നടപടിക്രമങ്ങളെല്ലാം വീഡിയോയിൽ പകർത്തി സൂക്ഷിക്കണമെന്ന് ചെലവ് നിരീക്ഷകർ വ്യക്തമാക്കി. നാമനിർദ്ദേശ പത്രിക നൽകി കഴിഞ്ഞാൽ സ്ഥാനാർത്ഥിയുടെ ഫോട്ടോ വെച്ച് ഭിത്തിയിൽ പതിച്ച ബാനറുകൾ, പോസ്റ്ററുകൾ എല്ലാം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽപ്പെടുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി. ജില്ലയിലെ ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ സ്‌ക്വാഡുകൾക്കും പോലീസിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നിർദ്ദേശം സ്റ്റേഷൻ ഓഫീസർമാർക്ക് നൽകാൻ ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയോട് ചെലവ് നിരീക്ഷകർ നിർദ്ദേശിച്ചു.സ്‌ക്വാഡിലും മറ്റും പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും സി-വിജിൽ ആപ്പ് ഡൗൺലോഡ് ചയ്യണം. എല്ലാ അനുമതികളും പ്രത്യേകം രൂപീകരിച്ചിട്ടുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അന്നന്ന് തന്നെ ലഭ്യമാക്കാൻ നിരീക്ഷകർ നിർദ്ദേശിച്ചു.സ്‌ക്വാഡുകൾ എവിടെയാണെന്ന് ജി.പി.എസ്. സിസ്റ്റം വഴി അറിയാൻ കഴിയുമെന്ന് കൂടി ഉദ്യോഗസ്ഥർ അറിഞ്ഞിരിക്കണമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി. യോഗത്തിൽ സബ്കളക്ടർ വി.ആർ.കൃഷ്ണതേജ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ അതുൽ എസ്.നാഥ്, തിരഞ്ഞെടുപ്പ് സംബന്ധിച്ച നോഡൽ ഓഫീസർമാർ എ്ന്നിവർ യോഗത്തിൽ സംസാരിച്ചു.