ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പൈവളികെ ഗ്രാമ പഞ്ചായത്തിലെ 105 -ാം നമ്പര്‍ പോളിംഗ് ബൂത്തില്‍. പൈവളികെ ഗവ. ഹൈസ്‌കൂളിലെ ഈ ബൂത്തില്‍ ഇതുവരെ 1385 വോട്ടര്‍മാരാണ് പേര് ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 696 പുരുഷന്മാരും 689 സ്ത്രീകളുമാണ്.
ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് വലിയ പറമ്പ് ഗ്രാമ പഞ്ചായത്തിലെ 151-ാം നമ്പര്‍ പോളിങ് ബൂത്തിലാണ്. വലിയ പറമ്പ് അംഗണവാടി കെട്ടിടത്തില്‍ നിശ്ചയിച്ചിട്ടുള്ള ഈ ബൂത്തില്‍ 226 പേരാണ് ഇതുവരെ പേര് ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 109 പുരുഷന്മാരും 117 സ്ത്രീകളുമാണ്.
മഞ്ചേശ്വരം നിയോജകം മണ്ഡലത്തില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് സ്വര്‍ഗയിലെ സ്വാമി വിവേകാനന്ദ യു.പി സ്‌കൂളിലെ 194-ാം നമ്പര്‍ ബൂത്തിലാണ്. ഇവിടെ 615 വോട്ടര്‍മാരാണുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ (1346 വോട്ടര്‍മാര്‍) എടനീര്‍ സ്വാമിജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 125-ാം ബൂത്തിലും കുറവ് (310 പേര്‍) ഉദയഗിരി എസ്എസ്പിഎഎല്‍പി സ്‌കൂളിലെ 50-ാം ബൂത്തിലുമാണ്. ഉദുമയില്‍ ഏറ്റവും കൂടുതല്‍ (1370 പേര്‍) പാക്കം ജിഎച്ച്എസിലെ 113-ാം നമ്പര്‍ ബൂത്തിലും കുറവ് (434 പേര്‍) ഉദുമ ജിഎച്ച്എസ്എസിലെ 90-ാം നമ്പര്‍ ബൂത്തിലുമാണ്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കൂടുതല്‍ (1332 പേര്‍) പിപിടിഎസ്എഎല്‍പി സ്‌കൂളിലെ 151-ാം നമ്പര്‍ ബൂത്തിലും കുറവ് (577) പെരിയങ്ങാനം ജിഎല്‍പി സ്‌കൂളിലെ 189-ാം നമ്പര്‍ ബൂത്തിലുമാണ്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് (1322 പേര്‍) പടന്ന ജിഎഫ്എച്ച്എസ്എസിലെ 153-ാം നമ്പര്‍ ബൂത്തിലാണ്.
ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെ 968 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്‌