ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഭക്ഷണ സൗകര്യമൊരുക്കുന്നത് കുടുംബശ്രീ. പോളിംഗ് ബൂത്തുകളില്‍ ചുമതലയുള്ള ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കുടുംബശ്രീ ജില്ലാമിഷന്‍ എത്തിച്ചു നല്‍കും. കൂടാതെ അതത് കേന്ദ്രങ്ങളിലെ ശുചിത്വമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ചില ഗ്രാമങ്ങളില്‍ ഇലക്ഷന്‍ സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ജില്ലാ വരണാധികാരി കൂടിയായ ഡോ.ഡി സജിത്ത് ബാബുവിന്റെ നിര്‍ദേശപ്രകാരം കുടുംബശ്രീ മുഖേന ഭക്ഷണ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഇലക്ഷന്‍ സാധന സാമഗ്രികള്‍ കൈപ്പറ്റാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്ന വിതരണ- സ്വീകരണ കേന്ദ്രങ്ങളില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണം വിതരണം ചെയ്യും. പിന്നീട് പോളിംഗ് ബൂത്തുകളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് 200 രൂപയുടെ കൂപ്പണ്‍ നല്‍കും. ഈ കൂപ്പണ്‍ ഉപയോഗിച്ച് ഒരു ദിവസം അഞ്ചുനേരത്തെ ഭക്ഷണം വിതരണം ചെയ്യും.
22ന് വൈകീട്ട് പോളിംഗ് ബൂത്തില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നാലു മണിക്കും രാത്രി 8.30നും ഭക്ഷണം നല്‍കും. തുടര്‍ന്ന് 23ന് രാവിലെ 5.30 ബെഡ്കോഫിയും 8.30 പ്രഭാതഭക്ഷണവും 11ന് ചായയും ലഘുഭക്ഷണവും ഒരു മണിക്ക് ഉച്ചഭക്ഷണവും 3.30ന് ചായയും നല്‍കും. തുടര്‍ന്ന് വോട്ടിംഗ് പൂര്‍ത്തിയായി വോട്ടിംഗ് സാധനസാമഗ്രികള്‍ ഏല്‍പ്പിക്കുന്ന സ്വീകരണ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഭക്ഷണവും അവിടെ ഒരുക്കും. 40 രൂപയ്ക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കും. ഇഡ്‌ലി, വട, ദോശ, പുട്ട്, വെള്ളയപ്പം, കടല, സാമ്പാര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യമുള്ളത് തെരഞ്ഞെടുക്കാം. ഉച്ചഭക്ഷണത്തിന് 40 രൂപ നിരക്കില്‍ വെജ് ബിരിയാണി, 60 രൂപയ്ക്ക് ചിക്കണ്‍ ബിരിയാണി, 30 രൂപയ്ക്ക് കഞ്ഞിയും ചമ്മന്തിയും എന്നിങ്ങനെയാണ് നല്‍കുന്നത്. രാത്രിയില്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും ലഭിക്കും. ചുക്ക് കാപ്പിയ്ക്ക് അഞ്ച് രൂപയാണ് നിരക്ക്.
ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്ഷണ നിരക്ക് നിശ്ചയിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി പി അബ്ദുറഹിമാന്‍, ജൂനിയര്‍ സൂപ്രണ്ട് ഗോവിന്ദന്‍ രാവണേശ്വരം, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോഡിനേറ്റര്‍ സി ഹരിദാസന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ടി പി ഹരിപ്രസാദ്, അഞ്ജലി, കെ ജസീം തുടങ്ങിയവര്‍ പങ്കെടുത്തു.