ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ സമ്മതിദാനം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി ബി നൂഹ് പറഞ്ഞു. സാമൂഹ്യ നീതി വകുപ്പും പന്തളം എന്‍എസ്എസ് കോളജിലെ ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി ചേര്‍ന്ന് തയാറാക്കിയ പോസ്റ്റര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. സമ്മതിദാനം ഓരോരുത്തരുടേയും അവകാശമാണെന്നും അത് പാഴാകാതെ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളജിലെ  ഇംഗ്ലീഷ് വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി  സാരംഗി കോമളന്‍ വരച്ച പോസ്റ്റര്‍ കളക്ടര്‍ക്ക് നല്‍കി. ഭിന്നശേഷിക്കാര്‍ക്കിടയില്‍ വോട്ടിന്റെ പ്രധാന്യം മനസിലാക്കുന്നതിലേക്കായി ഈ പോസ്റ്റര്‍ ഉപയോഗപ്പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു. പോസ്റ്റര്‍ വരച്ച വിദ്യാര്‍ഥിനിയെ കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ ജെ ഷംല ബീഗം, കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ അഞ്ജന, എസ് രേവതി,  ഇ കെ  സൗമ്യ, സതീഷ് തങ്കച്ചന്‍, മജ എല്‍സി ചെറിയാന്‍, എം ബി വിഭ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
2442 എന്‍.ആര്‍.ഐ വോട്ടര്‍മാര്‍
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.ആര്‍.ഐ. വോട്ടര്‍മാര്‍ ആകെ 2442 പേര്‍. ഇതില്‍ 2082 പേര്‍ പത്തനംതിട്ട ജില്ലയിലും 360 പേര്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലുമാണ് ഉള്ളത്. എന്‍.ആര്‍.ഐ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും പുരുഷന്‍മാരാണ്. 1984 പുരുഷ വോട്ടര്‍മാരും 458 സ്ത്രീ വോട്ടര്‍മാരുമാണ് ഈ പട്ടികയിലുള്ളത്.
ഓരോ നിയമസഭാ മണ്ഡലങ്ങളിലേും വോട്ടര്‍മാരുടെ കണക്ക് ചുവടെ (പുരുഷന്‍, സ്ത്രീ, ആകെ എന്നീ ക്രമത്തില്‍): കാഞ്ഞിരപ്പള്ളി: 175,  38,  213, പൂഞ്ഞാര്‍: 117,  30,  147, തിരുവല്ല: 389,  99,  488, റാന്നി: 292,  60,  352, ആറന്മുള: 512,  147,  659, കോന്നി: 254,  40,  294, അടൂര്‍: 245,  44,  289.
ആദ്യവോട്ടവകാശം വിനിയോഗിക്കാന്‍ 22,805 പേര്‍
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭ്യമായത് 22,805 പേര്‍ക്ക്. 18, 19 വയസുകാരാണ് ഈ വിഭാഗത്തിലുള്ളത്. ഇവര്‍ക്ക് പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ച ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.
ഈ പ്രായവിഭാഗത്തിലുള്ള 12,156 ആണ്‍കുട്ടികളും 10,648 പെണ്‍കുട്ടികളും ഇത്തവണ ആദ്യമായി വോട്ട് ചെയ്യാന്‍ അര്‍ഹത നേടി. ആറന്മുള മണ്ഡലത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പുതുതലമുറക്കാര്‍ വേനാട്ടവകാശം നേടിയെടുത്തത്. 1998 പുരുഷന്‍മാരും 1634 സ്ത്രീകളും ഉള്‍പ്പെടെ 3632 പേര്‍ ഇവിടെനിന്നും വോട്ടര്‍പട്ടികയില്‍ ആദ്യമായി പേരുചേര്‍ത്തു. കുറവ് റാന്നി മണ്ഡലത്തിലാണ്. 1496 പുരുഷന്‍മാരും 1327 സ്ത്രീകളും അടക്കം 2823 പേരാണ് റാന്നിയില്‍നിന്നും വോട്ടവകാശത്തിന് അര്‍ഹരായത്.
1773 പുരുഷന്‍മാരും 1654 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗവും ഉള്‍പ്പെടെ 3428 പേര്‍ കാഞ്ഞിരപ്പള്ളിയില്‍നിന്നും, 1755 പുരുഷന്‍മാരും 1515 സ്ത്രീകളും ഉള്‍പ്പെടെ 3270 പേര്‍ പൂഞ്ഞാറില്‍നിന്നും വോട്ടര്‍പട്ടികയില്‍ ഇടംനേടി. കോട്ടയം ജില്ലയിലെ ഈ രണ്ട് മണ്ഡലങ്ങളില്‍നിന്നായി ആകെ 6698 പേര്‍ ഇക്കുറി പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും.
തിരുവല്ലയില്‍ 3024 പേരും (പുരുഷന്‍- 1652  സ്ത്രീ – 1372) കോന്നിയില്‍ 3122 പേരും (പുരുഷന്‍- 1650  സ്ത്രീ – 1472) അടൂരില്‍ 3506 പേരും (പുരുഷന്‍- 1832  സ്ത്രീ – 1674) ആദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശം നേടിയെടുത്തിട്ടുണ്ട്.
4154 സര്‍വീസ് വോട്ടര്‍മാര്‍
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ 4154 സര്‍വീസ് വോട്ടര്‍മാരുണ്ട്. അടൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ സര്‍വീസ് വോട്ടര്‍മാര്‍ ഉള്ളത്-1247 പേര്‍. കുറവ് പൂഞ്ഞാര്‍ മണ്ഡലത്തില്‍, ഇവിടെ 152 സര്‍വീസ് വോട്ടുകളാണുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ 204 ഉം തിരുവല്ലയില്‍ 427 ഉം റാന്നിയില്‍ 442 ഉം ആറന്മുളയില്‍ 699 ഉം കോന്നിയില്‍ 983 ഉം സര്‍വീസ് വോട്ടര്‍മാര്‍ ഇക്കുറിയുണ്ട്.
എല്ലാവരും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകണം:  ജില്ലാ കളക്ടര്‍ 
എല്ലാ പൗരന്മാരും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകണമെന്ന് ജില്ലാ കളക്ടറും, തെരഞ്ഞെടുപ്പ് ഓഫീസറുമായ പി ബി നൂഹ് പറഞ്ഞു. വോട്ടര്‍ ബോധവത്കരണ പദ്ധതിയായ സ്വീപ്പിനോടനുബന്ധിച്ച മലയാലപ്പുഴ  മുസലിയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തിന് തുടക്കം കുറിച്ച് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നത് ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാനാണെന്നും അതിനാല്‍  ഒരു വോട്ടും പാഴാക്കരുതെന്നും കളക്ടര്‍ പറഞ്ഞു. വോട്ടു ചെയ്യുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ഓരോ പൗരന്റെയും കടമയാണെന്നെും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി മാതൃകാ പോളിംഗ് ബൂത്ത്,  വിവിപാറ്റ് മെഷീന്‍ പ്രവര്‍ത്തനം എന്നിവ ഉദ്യോഗസ്ഥര്‍ പരിചയപ്പെടുത്തി.
തെരഞ്ഞെടുപ്പ് പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സ്വീപ്പിന്റെ പ്രവര്‍ത്തനം. വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്നതിനും വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിലേക്കുമായി ഇലക്ഷന്‍ കമ്മീഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്വീപ്. സ്വീപ്പിന്റെ  നേതൃത്വത്തിലാണ് ജില്ലയിലുടനീളം തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ക്വിസ് കേരള കാലിക്കറ്റ് എന്ന സംഘടനയാണ്  ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കിയത്. ക്വിസ് മാസ്റ്റര്‍ ലിഞ്ജു സച്ചി ക്വിസ് മത്സരം നയിച്ചു. രണ്ടു പേരടങ്ങുന്നതായിരുന്നു ടീം. രണ്ട് ഘട്ടങ്ങളിലായി നടന്ന  മത്സരത്തില്‍ നിരവധി കോളജ്,     സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 120 പൊയിന്റുകളോടെ ടി കെ എം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളായ വി. ആര്‍ ശരത്ത്, അക്ഷയ് റെജി എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥികളായ വിഷ്ണു മഹേഷ്, എ. ജെ രക്ഷിത് എന്നിവര്‍ രണ്ടും, തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളജിലെ വി.ആര്‍ അനന്തു, അലക്സ് ഡേവിഡ് എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. മത്സരവിജയികള്‍ക്ക് സമ്മാനതുകയും, പ്രശസ്തി പത്രവും ജില്ലാ കളക്ടര്‍ പി ബി നൂഹും, ജില്ലാ പോലീസ് മേധാവി ജി ജയദേവും നല്‍കി. എഡിസി ജനറലും, സ്വീപ്പ് നോഡല്‍ ഓഫീസറുമായ കെ കെ വിമല്‍ രാജ്, കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ സജി കുമാര്‍, മുസലിയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ഡോ എ എസ് അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.