ഹരിത തെരഞ്ഞെടുപ്പ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി അവധിക്കാലം മാറ്റിവച്ച് എൻ.എസ്.എസ് വിദ്യാർത്ഥികളും. മുണ്ടേരി സർക്കാർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഒരാഴ്ചത്തെ ശ്രമഫലമായി സ്‌കൂളിലെ 50 വിദ്യാർത്ഥികൾ ചേർന്ന് 3300 പേപ്പർപേനകളാണ് നിർമിച്ചു നൽകിയത്. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ എ.ആർ അജയകുമാർ വിദ്യാർത്ഥികളിൽ നിന്നും പേന ഏറ്റുവാങ്ങി ഇലക്ഷൻ വിഭാഗത്തിനു കൈമാറി. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ പേപ്പർ പേനകൾ നിർമിച്ചു നൽകാൻ തീരുമാനിച്ചത്. സംസ്ഥാനത്തു തന്നെ ആദ്യമായാണ് മുഴുവൻ പോളിങ് ഉദ്യോഗസ്ഥരും പ്രകൃതി സൗഹൃദ പേപ്പർപേനകൾ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പേനയുടെ റിഫില്ല് ഒഴികെയുള്ള മറ്റെല്ലാഭാഗങ്ങളും ബ്രൗൺ പേപ്പർ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പേപ്പർപേനകൾ വിതരണ കേന്ദ്രത്തിൽ നിന്നു തന്നെ പോളിങ് ഉദ്യോഗസ്ഥർക്ക് നൽകും.
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എ ജസ്റ്റിൻ, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ എ.കെ രാജേഷ്, എം.പി രാജേന്ദ്രൻ, പ്രോഗ്രാം ഓഫീസർ കെ. അനൂപ്, മുണ്ടേരി സർക്കാർ വൊക്കേഷണൽ സ്‌കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഫ്‌സത്ത്, കളക്ടറേറ്റ് സീനിയർ സുപ്രണ്ട് ഇ. സുരേഷ് ബാബു, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.