150 ഫാർമസിസ്റ്റുകളുടെ തസ്തിക സൃഷ്ടിക്കുന്നു

ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റിയ സ്ഥാപനങ്ങളിൽ 150 ഫാർമസിസ്റ്റുകളുടെ (ഗ്രേഡ് 2) തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ചെയർമാനായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ മാവോജിയെ നിയമിക്കാൻ തീരുമാനിച്ചു. മുൻ എം.പി എസ്. അജയ്കുമാർ, അഡ്വ. പി.കെ. സിജ, എന്നിവർ അംഗങ്ങളായിരിക്കും.

അഴീക്കൽ തുറമുഖ വികസനത്തിന് ഭൂമി ഏറ്റെടുത്തതിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട മൂന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അഴീക്കോട് നോർത്ത് വില്ലേജിൽ തുറമുഖ വകുപ്പിന്റെ അധീനതയിലുളള ഭൂമിയിൽനിന്നും മൂന്ന് സെന്റ് വീതം അനുവദിക്കാൻ തീരുമാനിച്ചു. സാജിത, എ.ഇ. സൗമിനി, പണ്ണേരി യശോദ എന്നിവർക്കാണ് ഭൂമി പതിച്ചു നൽകുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ 2014-ൽ രൂപീകരിച്ച പാർട്ണർ കേരള മിഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മിഷൻ രൂപീകരിച്ചത്. എന്നാൽ ഒരു പദ്ധതി പോലും നടപ്പാക്കുന്നതിന് മിഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രവർത്തനം അവസാനിപ്പിക്കാനും ആസ്തി-ബാധ്യതകൾ ഇംപാക്ട് കേരള ലിമിറ്റഡിൽ നിക്ഷിപ്തമാക്കാനും തീരുമാനിച്ചത്.

2005 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥരായ നീരജ് കുമാർ ഗുപ്ത, എ. അക്ബർ, കോറി സഞ്ജയ് കുമാർ ഗുരുഡിൻ, കാളിരാജ് മഹേഷ്‌കുമാർ, എസ്. സുരേന്ദ്രൻ, എ.വി. ജോർജ് എന്നിവർക്ക് സെലക്ഷൻ ഗ്രേഡ് പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനൽ അംഗീകരിച്ചു.

1993 ഐ.പി.എസ് ബാച്ചിലെ യോഗേഷ് ഗുപ്തയെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനലിൽ ഉൾപെടുത്താൻ തീരുമാനിച്ചു.

2004 ഐ.പി.എസ് ബാച്ചിലെ അനൂപ് കുരുവിള ജോൺ, വിക്രംജിത് സിംഗ്, പി. പ്രകാശ്, കെ. സേതുരാമൻ, കെ.പി. ഫിലിപ് എന്നിവർക്ക് ഡി.ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനൽ അംഗീകരിച്ചു.

2000 ഐ.പി.എസ് ബാച്ചിലെ തരുൺ കുമാറിനെ ഐജി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനലിൽ ഉൾപെടുത്താൻ തീരുമാനിച്ചു.

1988 ഐ.എഫ്.എസ് ബാച്ചിലെ ബെന്നിച്ചൻ തോമസ്, ഗംഗാസിങ് എന്നിവർക്ക് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനൽ അംഗീകരിച്ചു.