കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ കൂട്ടുകാരികളായ നാല്‍വര്‍ സംഘത്തിന് അക്ഷരവെളിച്ചം തേടിയുള്ള യാത്രയ്ക്ക് കാഴ്ചാ പരിമിതി ഒരിക്കലും തടസ്സമായിരുന്നില്ല. അകക്കണ്ണ് തുറന്നു കാട്ടിയ വഴിയിലൂടെ എസ്എസ്എല്‍സി പരീക്ഷയില്‍ മികവാര്‍ന്ന വിജയം നേടി തുടര്‍പഠനത്തിന് അര്‍ഹത നേടിയിരിക്കുകയാണ് ഈ കൂട്ടുകാരികള്‍. പനത്തടി സ്വദേശിനിയായ ഭാവന ഭാസ്‌കര്‍, കരിവേടകത്തെ എം മൂവന്തി, കുറ്റിക്കോലിലെ എച്ച് സൗമ്യ, മടിക്കൈ സ്വദേശിനി കെ ശ്വേത എന്നിവരാണ് കഠിനപ്രയത്‌നത്താല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി മാതൃകയായത്. അക്കാദമിക മികവിനോടൊപ്പം ഇവര്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ സംഘഗാനം, ദേശഭക്തി ഗാനം എന്നിവയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. കാഴ്ചാ പരിമിതര്‍ക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ഇന്‍ക്ലൂസീവ് എജുക്കേഷന്‍ ഫോര്‍ ദ ഡിസേബ്ള്‍ഡ് (ഐഇഡി) പ്രകാരമുള്ള പഠന പദ്ധതിയിലൂടെയാണ് ഇവര്‍ വിദ്യാഭ്യാസം നേടുന്നത്. മറ്റു വിദ്യാര്‍ത്ഥികള്‍ക്കുള്ള എല്ലാ വിഷയങ്ങളും ഇവര്‍ക്ക് പഠിക്കാനുണ്ട്. ഗണിതത്തിന് പകരം പ്രത്യേക കമ്പ്യൂട്ടര്‍ പാഠ്യപദ്ധതിയുണ്ട്. ഇതിനു പുറമേ ഐടിയും പഠിക്കണം. സ്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. ഒന്നു മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയത്തില്‍ താമസിച്ചു പഠനം നടത്തുന്നത്. ഏഴാം തരം വരെ ഇവിടെ ക്ലാസ് നടക്കുന്നുണ്ട്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കാസര്‍കോട് ജിഎച്ച്എസ്എസിലാണ് തുടരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്‌കൂളിലേക്ക് പോവുന്നതിനും തിരിച്ചു വരുന്നതിനും പ്രത്യേക വാഹനസൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോടിന് പുറമേ തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ മാത്രമാണ് സര്‍ക്കാര്‍ അന്ധവിദ്യാലയമുള്ളത്.