കാക്കനാട്: അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വമുറപ്പാക്കുന്ന ആവാസ് പദ്ധതിയിൽ മുക്കാൽ ലക്ഷത്തിലധികം പേരെ അംഗങ്ങളാക്കി ജില്ലക്ക് ചരിത്ര നേട്ടം.ജില്ലയിൽ 75, 442 പേരെ അംഗങ്ങളാക്കിയാണ് സംസ്ഥാന തലത്തിൽ ജില്ല ഒന്നാമതെത്തിയത്.സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്നതാണ് ആവാസ് പദ്ധതി. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ പണിയെടുക്കുന്ന അസംഘടിതരായ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസമാകുന്നതിനാണ് തൊഴിൽ വകുപ്പിന്റെ മേൽ നോട്ടത്തിൽ ഇത് നടപ്പാക്കിയത് പദ്ധതിയാരംഭിച്ച് ഒന്നര വർഷം പിന്നിടുമ്പോൾ ജില്ലയിൽ മാത്രം 75,442 അതിഥി തൊഴിലാളികളാണ് അംഗങ്ങളായി ചേർന്നത്. ഇതിൽ 68,233 പുരുഷന്മാരും 7187 സ്ത്രീകളും 22 ഭിന്നലിംഗക്കാരും ഉൾപ്പെടുന്നു. സംസ്ഥാനത്താകെ 3,74,747 അതിഥി തൊഴിലാളികൾ പദ്ധതിയിൽ അംഗങ്ങളായി കാർഡ് കൈപറ്റിയിട്ടുണ്ട്. 39, 935 പേർ അംഗങ്ങളായ തിരുവനന്തപുരവും 33328 പേർ അംഗങ്ങളായുള്ള കോഴിക്കോടുമാണ് എറണാകുളത്തിന് പിന്നിൽ. 9550 പേർ അംഗങ്ങളായ വയനാട്ടിലാണ് ഏറ്റവും കുറവ്. അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും ചൂഷണമൊഴിവാക്കുന്നതിനു മാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ള പെരുമ്പാവൂരിൽ ഇതിനായി പ്രത്യേക സഹായ കേന്ദ്രവും തൊഴിൽ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്ന് മാത്രം 8016 പേർ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. കൂടാതെ തൊഴിലുടമകളുടെ സഹായത്തോടെ തൊഴിലിടങ്ങളിൽ ചെന്നും തൊഴിലാളികളെ പദ്ധതിയിൽ ചേർക്കുന്നുണ്ട്. സർക്കാർ അംഗീകൃത തിരിച്ചറിൽ രേഖകളുള്ള അതിഥി തൊഴിലാളികളെയാണ് പദ്ധതിയിൽ ചേർത്ത് ആ വാസ് കാർഡുകൾ നൽകുന്നത്. ഈ കാർഡ് പിന്നീടുള്ള അവരുടെ വിവിധ ആവശ്യങ്ങൾക്കുള്ള തിരിച്ചറിയൽ രേഖയായും ഉപയോഗിക്കാം. കാർഡുടമക്ക് സർക്കാർ ആസ്പത്രിയിൽ 15000 രൂപ വരെയുള്ള സൗജന്യ ചികിത്സയും മരണപ്പെടുന്ന പക്ഷം രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും. അതിഥി തൊഴിലാളികൾക്കായി നടപ്പാക്കുന്ന കേരള കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങളിലും വന്‍വര്‍ധനവാണ് ഇപ്പോൾ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. പദ്ധതി പ്രകാരം മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് നല്‍കിയിരുന്ന ധനസഹായം 10000 രൂപയില്‍ നിന്നും 25000 രൂപയായി വര്‍ധിപ്പിച്ചു. ജോലിക്കിടയില്‍ സംഭവിക്കുന്ന അപകടത്തിന് 50000 രൂപയില്‍ നിന്നും രണ്ടു ലക്ഷം രൂപയായും ആനുകൂല്യം ഉയര്‍ത്തി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുളളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. പദ്ധതിയംഗമല്ലാത്ത തൊഴിലാളിക്ക് കിടത്തി ചികിത്സക്ക് വിധേയമാകുന്ന ആദ്യ അഞ്ച് ദിവസത്തേക്ക് 500 രൂപയും തുടര്‍ന്നുളള ഓരോദിവസത്തേക്കും 100 രൂപ വീതം പരമാവധി 20000 രൂപ വരെ ചികിത്സാ സഹായമായി ലഭിക്കും. നേരത്തെ ഇത് 2000 രൂപയായിരുന്നു. സര്‍ക്കാര്‍ ആസ്പത്രികളിലോ ബോര്‍ഡ് അംഗീകരിച്ച സ്വകാര്യ-സഹകരണ ആസ്പത്രികളിലോ ചികിത്സ തേടുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്കുളള കുറഞ്ഞ വിരമിക്കല്‍ ആനുകൂല്യം 10000 രൂപയും കൂടിയത് 25000 വും ആയിരുന്നത് ഇപ്പോള്‍ യഥാക്രമം 25000 രൂപയും 50000 രൂപയുമായി വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് വച്ച് മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മരണപ്പെട്ട വ്യക്തി പദ്ധതിയിലംഗമാണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി 50000 രൂപ വരെ ചെലവഴിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിലേക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ റിവോള്‍വിംഗ് ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കഴിഞ രണ്ട് വർഷത്തിനിടെ 16 അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇത്തരത്തിൽ തൊഴിൽ വകുപ്പ് അവരുടെ സ്വദേശത്ത് എത്തിച്ച് നൽകി.