മൂവാറ്റുപുഴ: നിപ പ്രതിരോധ പരിപാടികളുടെ ഭാഗമായി ബ്ലോക്ക് പരിധിയിൽ വിവിധങ്ങളായ പ്രചാരണ പരിപാടികളാണ് നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അംഗൻവാടി – ആശ വർക്കർമാർ , അധ്യാപകർ, സ്വകാര്യ – സർക്കാർ ആയുർവേദ – അലോപ്പതി – ഹോമിയോ ഡോക്ടർമാർ എന്നിവർക്കായി വിവിധ ബോധവൽക്കരണ ക്ലാസുകൾ നടന്നു. ബ്ലോക്ക് തല ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി നിർവഹിച്ചു. മൂവാറ്റുപുഴ ജനറൽ ആസ്പത്രി സൂപ്രണ്ട് ഡോ: ആശ വിജയൻ, പണ്ടപ്പിള്ളി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: ഇന്ദു എന്നിവർ ക്ലാസുകൾ നയിച്ചു. ക്ലാസിൽ വിവിധ തുറകളിലുള്ള ഇരുനൂറോളം പേർ പങ്കെടുത്തതായി ബ്ലോക്ക് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി പറഞ്ഞു. പഞ്ചായത്ത് തലത്തിലും ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസുകളും നടന്നു വരുന്നതായും അവർ കൂട്ടിച്ചേർത്തും. ആരക്കുഴ, മഞ്ഞള്ളൂർ, മാറാടി, ആവോലി പഞ്ചായത്തുകളിൽ പഞ്ചായത്തുകളിൽ പഞ്ചായത്ത് തല ബോധവൽക്കരണ പരിപാടികൾ പൂർത്തിയായി. മറ്റ് നാല് പഞ്ചായത്തുകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി പൂർത്തിയാക്കും.വാർഡ് തലത്തിൽ വാർഡ് മെമ്പർമാരടക്കമുള്ളവരെയും ആശ – അങ്കണവാടി വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡന്റ് അസോസിയേഷനുകൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചുള്ള ബോധവൽക്കരണ ക്ലാസുകളാണ് നടക്കുന്നത്. കൂടാതെ ബ്ലോക്ക് പരിധിയിലെ 90 സ്കൂളുകളിലും ബോധവൽക്കരണ ക്ലാസുകളും നൽകുന്നുണ്ട്. അതിഥി തൊഴിലാളികൾക്കിടയിലും പ്രത്യേക പ്രചാരണം നടത്തുന്നുണ്ട്. ഒപ്പം പനി ബാധിത മേഖലകളിൽ പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്.

ഫോട്ടോ അടിക്കുറിപ്പ്:
നിപ ബോധവൽക്കരണത്തിന്റെ ഭാഗമായി നടന്ന മൂവാറ്റുപുഴ ബ്ലോക്ക് തല പഠന ക്ലാസ്