കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നല്ലറിവ് കൂട്ടം വിദ്യാലയ പദ്ധതിയില്‍ പങ്കാളികളായ ഡോക്ടര്‍മാരെയും അധ്യാപകരെയും അനുമോദിക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍, നാഷനല്‍ ആയുര്‍വേദിക് മിഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം വര്‍ദ്ധിക്കണമെങ്കില്‍ ശാരീരികവും മാനസികവുമായ വികസനത്തിനുള്ള സംവിധാനം നാം ഒരുക്കണമെന്ന് ബാബു പറശ്ശേരി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക നിലവാരമുയര്‍ത്തുന്നതിലും ജില്ലാ പഞ്ചായത്ത് ഇതിനകം വലിയ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും കൂട്ടായ്മയിലൂടെ വിദ്യാലയങ്ങളില്‍ എജ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതി നടപ്പിലാക്കാനുള്ള ഇടപെടല്‍ ഉണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി പറഞ്ഞു.
 നല്ലറിവ് കൂട്ടം ഒന്നാം ഘട്ടം വിജയകരമാക്കിയ 80 ഡോക്ടര്‍മാരെയും     ബി ആര്‍ സി യില്‍ നിന്നുള്ള അധ്യാപകരെയുമാണ് ചടങ്ങില്‍ ആദരിച്ചത്. 2019 ജനുവരി 10 മുതല്‍ ഫിബ്രവരി 25. വരെ ജില്ലയിലെ യുപി -ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കിയത്.  ആരോഗ്യം,ഭക്ഷണ ശീലം എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ് യു പി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഭാഗമായി നല്കിയിരുന്നു.  ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൗമാര ആരോഗ്യ വിദ്യാഭ്യാസം, ജീവിത ശൈലി രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിച്ചിരുന്നു.
 അനുമോദനചടങ്ങില്‍ എജ്യുകെയര്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ നാസര്‍ യു കെ സ്വഗതം പറഞ്ഞു ആരോഗ്യ    സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അധ്യക്ഷനായിരുന്നു. ഡിഎംഒ (ആയുര്‍വേദം) ഡോ മന്‍സൂര്‍,  ഡോ രാഹുല്‍ ആര്‍, ഡയറ്റ് പ്രതിനിധി ബിന്ദു എ എന്നിവര്‍ സംസാരിച്ചു ഡോക്യുമെന്ററി തയ്യാറാക്കിയ ഡോ .ഹന്ന അബ്ദുള്ള, ഡോ.സുബിന്‍ എന്നിവരെയും ആദരിച്ചു